രാജ്യത്തെ അപകീർത്തിപ്പെടുത്താനും തെറ്റിദ്ധാരണ പരത്താനും ഖത്തറിൽ നിന്നുള്ള സംഘം ശ്രമിക്കുന്നതായി ബഹ്റൈൻ
|ഇതിനായി സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുപയോഗിക്കുന്നതായും ബഹ്റൈൻ ആരോപിച്ചു
സ്വന്തം രാജ്യത്തെ അപകീർത്തിപ്പെടുത്താനും തെറ്റിദ്ധാരണ പരത്താനും ഖത്തറിൽ നിന്നുള്ള സംഘം ശ്രമിക്കുന്നതായി ബഹ്റൈൻ. ഇതിനായി സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുപയോഗിക്കുന്നതായും ബഹ്റൈൻ ആരോപിച്ചു.
ഒമ്പതിനായിരത്തോളം വ്യാജ ട്വിറ്റർ അക്കൗണ്ടുകളുപയോഗിച്ച് ബഹ് റൈനെ മോശമായി ചിത്രീകരിക്കുവാൻ ഖത്തറിൽ നിന്നുള്ള സംഘം ശ്രമിക്കുന്നതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയമാണ് ആരോപിച്ചത്. രാജ്യത്തെ സാമൂഹിക ഐക്യം തകർക്കാനും സൗദിയും ബഹ് റൈനും തമ്മിലുള്ള സൗഹ്യദം തകർക്കാനും ഖത്തർ ശ്രമിക്കുന്നതായും ആഭ്യന്തരമന്താലയം കുറ്റപ്പെടുത്തി. ഓരോ അഞ്ചു മിനുട്ടിലും അപകീർത്തികരമായ പത്ത് ചിത്രങ്ങൾ ബഹ്റൈൻ അപകീർത്തിപ്പെടുത്താനായി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നു. മുപ്പത്തി ആറായിരം ഇൻസ്റ്റഗ്രാം എക്കൗണ്ടുകളും അൻപത് ലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളും അപകീർത്തികരമായ പ്രചരണത്തിനായി ഉപയോഗിക്കുന്നു. ഇക്കാര്യം ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മിഡിൽ ഈസ്റ്റ് സെന്റര്‍ ഫോർ സ്റ്റഡീസ് ആന്റ് റിസർച്ച് നടത്തിയ വെളിപ്പെടുത്തലിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ബഹ്റൈനിൽ വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനെ ദുർബലപ്പെടുത്താനും രാജ്യത്തെ നവസാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് ഖത്തർ ശ്രമിക്കുന്നതായും മന്ത്രാലയം വിലയിരുത്തി. വ്യാജ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തുവാനും ഒറ്റക്കെട്ടായി നിലകൊള്ളുവാനും ബഹ്റൈൻ പൗരന്മാരോട് മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.