വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കുവൈത്തില്‍ വിവിധ മന്ത്രാലയങ്ങൾ ജീവനക്കാരുടെ യോഗ്യത പുനഃപരിശോധിക്കാൻ ഒരുങ്ങുന്നു
|വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറമെ ജലം വൈദ്യുതി ആരോഗ്യം എന്നീ മന്ത്രാലയങ്ങളാണ് ജീവനക്കാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്
കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവാദം മുറുകിയതോടെ വിവിധ മന്ത്രാലയങ്ങൾ ജീവനക്കാരുടെ യോഗ്യത പുനഃപരിശോധിക്കാൻ ഒരുങ്ങുന്നു .വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറമെ ജലം വൈദ്യുതി ആരോഗ്യം എന്നീ മന്ത്രാലയങ്ങളാണ് ജീവനക്കാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചത് .കേസിൽ അന്വേഷണം പൂർത്തിയായാൽ വ്യാജബിരുദധാരികളുടെപട്ടിക പുറത്തു വിടുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹാമിദ് അൽ ആസ്മി വ്യക്തമാക്കി.
വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഹാജരാക്കി ആയിരത്തോളം പേർ സർക്കാർ ജോലി കരസ്ഥമാക്കിയതായി ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് . വിവിധ മന്ത്രാലയങ്ങൾ ജീവനക്കാരുടെ യോഗ്യത പുനഃപരോശോധിക്കാൻ തീരുമാനിച്ചത് . കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജോലിക്കയറ്റം നേടിയ മുഴുവൻ ഉദ്യോഗസ്ഥരുടെയും സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കാനാണു വൈദ്യുതി മന്ത്രാലയത്തിന്റെ തീരുമാനം. അതിനായി വിദഗ്ധ സംഘത്തെ നിയോഗിച്ചതായി അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ബൂഷഹിരി പറഞ്ഞു . ജോലി രാജിവെച്ചു പോയ ഡോക്ടർമാരുടെയും ഫാർമസിസ്റ്റുകളുടെയും ഉൾപ്പെടെ പരിശോധിക്കാനാണ് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയത് .
ആരോഗ്യ മന്ത്രാലയത്തിൽ നിന്നും രാജിവെച്ച ശേഷം സ്വകാര്യ ക്ലിനിക്കുകളും ഫാർമസികളും നടത്തുന്നുണ്ടെങ്കിൽ അവയുടെ ലൈസൻസുകളും പരിശോധനക്ക് വിധേയമാക്കും . മന്ത്രാലയത്തിൽ നിലവിൽ സേവനം ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ടെക്നിഷ്യന്മാർ തുടങ്ങിയവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച്
തുടങ്ങിയിട്ടുണ്ട് വ്യാജമാണെന്ന് കണ്ടാൽ നിയമനം റദ്ദാക്കുന്നതോടൊപ്പം ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി കൈപ്പറ്റിയതെല്ലാം തിരിച്ചുപിടിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്
.അതിനിടെ വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട്
അഞ്ചുപേരെ അറസ്റ്റ് ചെയ്ത് ജയിലലടച്ചതായി പാർലമെന്റിലെ വിദ്യാഭ്യാസ സമിതി അറിയിച്ചു വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും . വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അന്വേഷണം തടസ്സപ്പെടില്ലെന്നും ഒരു തരത്തിലുള്ള സ്വാധീനവും സമ്മർദ്ദവും ഇക്കാര്യത്തിൽ ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ്
അൽ ആസ്മി വ്യക്തമാക്കിയിട്ടുണ്ട് .