മലബാറിലേക്ക് ചികിത്സ തേടിയുള്ള അറബികളുടെ വരവ് കുറഞ്ഞു
|വലിയ വിമാനങ്ങൾ പുനഃസ്ഥാപിക്കാനായാൽ ആരോഗ്യ ടൂറിസത്തിലും കയറ്റിറക്കുമതിയിലും നല്ല മുന്നേറ്റം ഉറപ്പാക്കാൻ കോഴിക്കോടിന്സാധിക്കും
കരിപ്പൂർ വിമാനത്താവളത്തിന്റെ പരാധീനത മലബാറിന്റെ ആരോഗ്യ ടൂറിസത്തിനു മാത്രമല്ല, കയറ്റിറക്കുമതിക്കും വലിയ തോതിൽ തിരിച്ചടിയാവുകയാണ്. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ നിലച്ചതോടെ മലബാറിലേക്കുള്ള അറബികളുടെ സഞ്ചാരവും ഗണ്യമായി കുറഞ്ഞു.
പൗരാണിക കാലം മുതൽ കേരള ത്തോടുള്ള മുഹബ്ബത്ത് ഉള്ളിൽ സൂക്ഷിക്കുന്നവരാണ് അറബികൾ. ആരോഗ്യ ടൂറിസം മുൻനിർത്തിയാണ് അറബികൾ കൂടുതലും കേരളത്തിലെത്തുന്നത്. എന്നാൽ കോഴിക്കോടിന് സൗകര്യപ്രദമായ വിമാന സർവീസുകൾ ഇല്ലാതെ വന്നതോടെ യാത്ര ദുഷ്കരമായി മാറിയെന്ന് ഒമാനി വനിത അസ്മ പറയുന്നു.
യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടൺകണക്കിന് പച്ചക്കറി ഉൾപ്പെടെ ഉൽപന്ന കയറ്റുമതിക്ക് മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ ചെലവിലും എളുപ്പത്തിലും ഗൾഫിലേക്ക് ഉൽപന്നങ്ങൾ എത്തിക്കാൻ സാധിക്കുമായിരുന്നിട്ടും കോഴിക്കോടിന് അതിന്റെ ഗുണം കിട്ടാതെ പോവുകയാണ്.
ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള കാർഗോ കയറ്റുമതിയുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. മറ്റു വിമാനത്താവളങ്ങളുടെ സഹായം തേടേണ്ട സ്ഥിതിയിലാണ് തങ്ങളെന്ന് കാർഗോ പ്രതിനിധി വ്യക്തമാക്കുന്നു. വലിയ വിമാനങ്ങൾ പുനഃസ്ഥാപിക്കാനായാൽ ആരോഗ്യ ടൂറിസത്തിലും കയറ്റിറക്കുമതിയിലും നല്ല മുന്നേറ്റം ഉറപ്പാക്കാൻ കോഴിക്കോടിന് സാധിക്കും എന്ന കാര്യം ഉറപ്പാണ്.