അരാംകോ ചെങ്കടലിലെ ബാബ് അല്‍ മന്‍ദബ് വഴിയുള്ള എണ്ണ കയറ്റുമതി നിര്‍ത്തി വച്ചു
|കഴിഞ്ഞ ദിവസം സൗദി എണ്ണ ടാങ്കറുകള്‍ക്കെതിരെ ഹൂതികളുടെ മിസൈല്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി
സൗദി എണ്ണ കമ്പനിയായ അരാംകോ ചെങ്കടലിലെ ബാബ് അല്‍ മന്‍ദബ് വഴിയുള്ള എണ്ണ കയറ്റുമതി നിര്‍ത്തി വച്ചു. കഴിഞ്ഞ ദിവസം സൗദി എണ്ണ ടാങ്കറുകള്‍ക്കെതിരെ ഹൂതികളുടെ മിസൈല്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. ഹൂതികളുടെ നടപടി സമാധാന പ്രക്രിയ തടസ്സപ്പെടുത്തുമെന്ന് യമന്‍ പ്രതികരിച്ചു.
സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ആണ് പുതിയ തീരുമാനം പുറത്ത് വിട്ടത്. ബാബ് അല്‍ മന്‍ദബ് വഴിയുള്ള എല്ലാ എണ്ണ കയറ്റുമതിയും താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി അദ്ദേഹം പറഞ്ഞു. സൗദി അരാംകോയുടെ രണ്ട് മില്ല്യണ്‍ ക്രൂഡ് ഓയിലുമായി പോയ രണ്ട് കപ്പലുകളെയാണ് കഴിഞ്ഞ ദിവസം ചെങ്കടലില്‍ വച്ച് ഹൂത്തികള്‍ ആക്രമിച്ചത്. സഖ്യസേനയുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവാകുകയായിരുന്നു. എണ്ണ കപ്പലുകളില്‍ ഒന്നിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും എണ്ണ ചോര്‍ച്ചയോ അളപായമോ ഉണ്ടായില്ല. എണ്ണ കപ്പലുകളുടെ സുരക്ഷയും കടലില്‍ ഉണ്ടാകാവുന്ന എണ്ണ ചോര്‍ച്ചയും തടയാന്‍ മുന്‍കരുതലെന്ന നിലയിലാണ് ഇപ്പോള്‍ ഇത് വഴിയുള്ള കയറ്റുമതി താല്‍കാലികമായി നിര്‍ത്തി വച്ചതെന്ന് സൗദി അരാംകോ അറിയിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ ചാലുകളില്‍ ഒന്നാണ് ബാബ് അല്‍ മന്‍ദബ്. ചെങ്കടലും ഏദന്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാ സമൂദ്രവും ഇത് വഴിയാണ് ബന്ധിപ്പിക്കപെടുന്നത്. കപ്പലുകള്‍ ആക്രമിക്കുക വഴി വലിയ ഓരു പാരിസ്ഥിതിക ദുരന്തത്തിനു കൂടിയാണ് ഹൂത്തികള്‍ ലക്ഷ്യമിട്ടതെന്ന് യമന്‍ സഖ്യ സേനാ മേധാവി കേണല്‍ തുര്‍ക്കി അല്‍ മാലിക്ക്ി പറഞ്ഞു. ഹൂതികളുടെ നടപടി സമാധാന പ്രക്രിയ തടസപ്പെടുത്തുമെന്ന് യമന്‍ ഭരണ നേതൃത്വം പ്രതികരിച്ചു. എന്നാല്‍ എണ്ണ കപ്പലുകളുടെ ആക്രമണ ഉത്തരവാദിത്തം ഹൂത്തികള്‍ നിഷേധിച്ചു.