കരിപ്പൂരില്‍ നിന്നും ഹജ്ജ് വിമാനങ്ങളില്ലാതായിട്ട് നാലുവര്‍ഷം
|ഹജ്ജ് ക്യാമ്പിനായി ഒരുക്കിയ കരിപ്പൂരിലെ ഹജ്ജ് ഹൌസ് കെട്ടിടം ഇപ്പോള്‍ വെറുതേ കിടന്ന് നശിക്കുകയാണ്.
കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങള്‍ പിന്‍വാങ്ങിയത് ഹജ്ജ് യാത്രക്കാര്‍ക്കും വലിയ ആഘാതമാണ് ഉണ്ടാക്കിയത്. 2015 മുതല്‍ കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത് ഹജ്ജ് യാത്ര ദുഷ്കരമാക്കി. ഹജ്ജ് ക്യാമ്പിനായി ഒരുക്കിയ കരിപ്പൂരിലെ ഹജ്ജ് ഹൌസ് കെട്ടിടം ഇപ്പോള്‍ വെറുതേ കിടന്ന് നശിക്കുകയാണ്.
ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ ആയിരുന്നതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമായാണ് ഹജ്ജ് ഹൌസ് നിര്‍മിച്ചത്. അഞ്ച് കോടി മുടക്കി 72,000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കെട്ടിടം യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നു. 2015 മുതല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശേരിയിലേക്ക് മാറ്റിയതോടെ ഹജ്ജ് ഹൌസ് അനാഥമായി. കരിപ്പൂരിലെ റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും ഹജ്ജ് എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരില്‍ 80 ശതമാനവും മലബാറില്‍ നിന്നാണ്. സ്വാഭാവികമായും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ തുടരുന്നതാണ് ന്യായവും. റണ്‍വേ നവീകരണത്തിന് ശേഷവും ഇക്കാര്യത്തില്‍ തീരുമാനം വൈകുകയാണ്.
നെടുമ്പാശേരിയിലെ ഹജ്ജ് ക്യാംപില്‍ തീര്‍ത്ഥാടകരെ യാത്രയാക്കാന്‍ വരുന്നവര്‍ക്ക് പോലും ഇത്തവണ പ്രവേശനം അനുവദിച്ചിട്ടില്ല. ക്യാമ്പിലെ സൌകര്യക്കുറവാണ് കാരണമായി പറയുന്നത്.