ദുബൈ എമിറേറ്റിലെ സ്കൂൾ കെട്ടിടങ്ങളുടെ വാടക വർധിപ്പിക്കുന്നത് സർക്കാർ വിലക്കി
|വർധിത ചെലവുകൾ കാരണം വിദ്യാലയങ്ങൾ പ്രതിസന്ധിയിലാകരുതെന്ന താൽപര്യം മുൻനിർത്തിയാണ് നടപടി
അടുത്ത അധ്യയന വർഷം ദുബൈ എമിറേറ്റിലെ സ്കൂൾ കെട്ടിടങ്ങളുടെ വാടക വർധിപ്പിക്കുന്നത് സർക്കാർ വിലക്കി. വർധിത ചെലവുകൾ കാരണം വിദ്യാലയങ്ങൾ പ്രതിസന്ധിയിലാകരുതെന്ന താൽപര്യം മുൻനിർത്തിയാണ് നടപടി.
സ്കൂളുകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി പാട്ടത്തിന് നൽകിയ കെട്ടിടങ്ങളുടെ വാടക 2018-19 വർഷത്തിൽ വർധിപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന 'നോളജ് ഫണ്ട്' സംഘടന പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്നതിനും അവയുടെ പ്രവർത്തന ചെലവ് കുറക്കുന്നതിനും വേണ്ടിയാണ് ഈ നടപടി. 30 വർഷമായി ദുബൈ സഫയിൽ പ്രവർത്തിച്ചു വരുന്ന എമിറേറ്റ്സ്
ഇംഗ്ലീഷ് സ്പീക്കിങ് സ്കൂൾ ഈ അധ്യയന വർഷം പൂർത്തിയാവുന്നതോടെ അടക്കാൻ തീരുമാനിച്ചിരുന്നു.
സാമ്പത്തിക പ്രയാസങ്ങളാണ് സ്കൂൾ സേവനം നിർത്താൻ കാരണമെന്നാണ് റിപ്പോർട്ട്. കുറഞ്ഞ ഫീസ് വാങ്ങുന്ന വിദ്യാലയങ്ങൾക്ക്
ഉയർന്ന വേതനം നൽകി അധ്യാപകരെ നിയമിക്കാൻ പ്രയാസമുണ്ട്
. ഈ സാഹചര്യത്തിൽ കെട്ടിട വാടക വർധന തടഞ്ഞതുൾപ്പെടെയുള്ള നടപടികൾ ദുബൈയിലെ ചെറുകിട, ഇടത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.