Gulf
ഖത്തറില്‍ ഇന്ത്യന്‍ സ്കൂള്‍ ഉള്‍പ്പെടെ പുതിയ അഞ്ചു സ്വകാര്യ സ്കൂളുകള്‍
Gulf

ഖത്തറില്‍ ഇന്ത്യന്‍ സ്കൂള്‍ ഉള്‍പ്പെടെ പുതിയ അഞ്ചു സ്വകാര്യ സ്കൂളുകള്‍

Web Desk
|
3 Aug 2018 1:50 AM GMT

പുതിയതായി തുടങ്ങുന്ന അഞ്ചു സ്കൂളുകളില്‍ രണ്ടെണ്ണം ഖത്തരി കരിക്കുലം പിന്തുടരുന്നതായിരിക്കും. രണ്ടെണ്ണം അമേരിക്കന്‍ കരിക്കുലവും ഒരെണ്ണം ഇന്ത്യന്‍ കരിക്കുലവും പിന്തുടരുന്നതായിരിക്കും.

ഖത്തറില്‍ ഇന്ത്യന്‍ സ്കൂള്‍ ഉള്‍പ്പെടെ പുതിയ അഞ്ചു സ്വകാര്യ സ്കൂളുകള്‍ കൂടി നിര്‍മിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം ഭൂമി അനുവദിക്കുന്നു. അല്‍ഖോറിലാണ് പുതിയ ഇന്ത്യന്‍ സ്കൂള്‍ സ്ഥാപിക്കുക. ഇതോടെ പുതിയതായി പ്രഖ്യാപിച്ച 11 സ്കൂളുകളില്‍ ഇന്ത്യന്‍ സ്കൂളുകളുടെ എണ്ണം രണ്ടായി ഉയരും.

2022ല്‍ 50000 സ്കൂള്‍ സീറ്റുകള്‍ ലഭ്യമാക്കുകയെന്ന മന്ത്രാലയത്തിന്റെ കര്‍മപദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. പുതിയതായി തുടങ്ങുന്ന അഞ്ചു സ്കൂളുകളില്‍ രണ്ടെണ്ണം ഖത്തരി കരിക്കുലം പിന്തുടരുന്നതായിരിക്കും. രണ്ടെണ്ണം അമേരിക്കന്‍ കരിക്കുലവും ഒരെണ്ണം ഇന്ത്യന്‍ കരിക്കുലവും പിന്തുടരുന്നതായിരിക്കും. ആകെ പുതിയതായി പ്രഖ്യാപിച്ച 11 സ്കൂളുകളില്‍ ഇതോടെ ഇന്ത്യന്‍ സ്കൂളുകളുടെ എണ്ണം രണ്ടായി ഉയരും. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളും അല്‍ഖോറിലായിരിക്കും. 15,000 സ്ക്വയര്‍ മീറ്ററില്‍ നിര്‍മിക്കുന്ന സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കും.

ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിനുള്‍പ്പടെ ആറു സ്വകാര്യസ്കൂളുകളുടെ നിര്‍മാണത്തിന് കഴിഞ്ഞ മാസം ഭൂമി അനുവദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ സ്കൂളുകള്‍ക്ക് ഭൂമി അനുവദിക്കുന്നത്. പുതിയ സ്കൂളുകള്‍ യാഥാര്‍ഥ്യമാക്കുന്നതിലൂടെ 7000 വിദ്യാര്‍ത്ഥികള്‍ക്ക് അധികമായി പ്രവേശനം സാധ്യമാകും. അല്‍വുഖൈര്‍, ഉംഅല്‍ഖാന്‍, അല്ഖോര്‍ എന്നിവിടങ്ങളിലായിരിക്കും പുതിയ സ്കൂളുകള്‍ക്ക് ഭൂമി അനുവദിക്കുക.

സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ മേഖലയുടെ പങ്ക് ശക്തമാക്കുന്നതിനായി രൂപീകരിച്ച മന്ത്രിതലഗ്രൂപ്പിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് സ്വകാര്യസ്കൂളുകള്‍ക്ക് ഭൂമി അനുവദിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയിലാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനം.

അഞ്ചു സ്വകാര്യസ്കൂളുകള്‍ക്കായുള്ള ടെണ്ടറുകള്‍ ആഗസ്ത് 12ന് പ്രഖ്യാപിക്കും. താല്പര്യമുള്ളവര്‍ സെപ്തംബര്‍ പതിമൂന്നിനകം അപേക്ഷാ രേഖകള്‍ കൈപ്പറ്റണം. പദ്ധതിയുടെ വിവിധ ഘട്ടങ്ങളെക്കറിച്ചു വിശദീകരിക്കുന്നതിനും സംശയനിവാരണത്തിനുമായി സെപ്തംബര്‍ 16ന് കമ്പനികളുടെയും ഡെവലപ്പേഴ്‍സിന്റെയും യോഗം വിളിച്ചുചേര്‍ക്കും. ടെണ്ടറുകള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി സെപ്തംബര്‍ 23.

Similar Posts