ഹജ്ജ് തീര്‍ഥാടകരുടെ കുഞ്ഞുങ്ങളുടെ പരിപാലനത്തിനായി താത്കാലിക ഡേകെയര്‍ ഒരുക്കി സൌദി
|കുട്ടികളുമായെത്തുന്നവർക്കു തങ്ങളുടെ കർമങ്ങൾ പ്രയാസമില്ലാതെ നിർവഹിക്കാൻ സഹായിക്കുന്നതിനായാണ് ഇത്തരം കേന്ദ്രങ്ങൾ.
ഹജ്ജിനെത്തുന്ന തീർത്ഥാടകരുടെ കുട്ടികളെ പരിപാലിക്കാനായി താൽക്കാലിക ശിശു പരിപാലന, നഴ്‌സറി കേന്ദ്രങ്ങൾ ഒരുക്കി സൗദി വിദ്യാഭ്യാസ മന്ത്രാലയം. കുട്ടികളുമായെത്തുന്നവർക്കു തങ്ങളുടെ കർമങ്ങൾ പ്രയാസമില്ലാതെ നിർവഹിക്കാൻ സഹായിക്കുന്നതിനായാണ് ഇത്തരം കേന്ദ്രങ്ങൾ.
വിദ്യാഭ്യാസ മന്ത്രാലയം മക്ക ഓഫീസ് പ്രാദേശിക ഹജ്ജ് കമ്പനി കോർഡിനേഷൻ കൗൺസിലുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. കൊച്ചുകുഞ്ഞുങ്ങളുമായി ഹജ്ജിനെത്തുന്നവരെ സഹായിക്കുക എന്നതാണ് ലക്ഷ്യം.
18 താൽക്കാലിക ശിശു പരിപാലന, നഴ്‌സറി കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. ഇവയിൽ മൊത്തം 585 കുട്ടികളെ പ്രവേശിപ്പിക്കാൻ സാധിക്കും. 2,500 സൗദി റിയാലാണ് ഓരോ കുട്ടികൾക്കും ചാർജായി ഈടാക്കുക.
യോഗ്യതയുള്ള മികച്ച പരിശീലനം ലഭിച്ച അധ്യാപികമാരായിരിക്കും കുട്ടികളെ പരിപാലിക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് അവരുടെ ഭാഷയിൽ സംസാരിക്കാൻ സാധിക്കുന്ന അധ്യാപികമാരും ഉണ്ടാവും. വിദ്യാഭ്യാസവും വിനോദവും സംരക്ഷണവും ആരോഗ്യവും ഒത്തൊരുമിച്ചുള്ള സർവീസുകളാണ് കുട്ടികൾക്ക് ലഭ്യമാക്കുക. പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഒരുക്കും. കുട്ടികളുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാൻ 24 മണിക്കൂർ നഴ്‌സുമാരുടെ സേവനവും ലഭ്യമായിരിക്കും. വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കുന്ന പോഷകാഹാര ഭക്ഷണമായിരിക്കും കുട്ടികൾക്ക് നൽകുക.
വിവിധ വിദ്യാഭ്യാസ, വിനോദ പരിപാടികളോടൊപ്പം കുട്ടികൾക്ക് ഹജ്ജിനെക്കുറിച്ച ബാലപാഠവും നൽകും. ഏതു സമയത്തും രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യാം. പുതിയ കേന്ദ്രങ്ങളെ കുറിച്ചറിയാൻ അറബിക്ക് പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, തുർക്കിഷ്, മലായ്, ഹിന്ദി എന്നീ ഭാഷകളിൽ ലഘുലേഖകൾ ഇതിനോടകം അടിച്ചിറക്കിയിട്ടുണ്ട്.