നാട്ടിലെ പ്രളയബാധിതരെ തേടി കുവൈത്തിന്റെ ആദ്യ സഹായമെത്തി
|കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി മീഡിയവൺ ഗൾഫ് മാധ്യമം റജബ് കാർഗോ എന്നിവ സംയുക്തമായി കുവൈത്തിൽ നടപ്പാക്കിയ പദ്ധതിക്ക് മികച്ച പ്രതികരണം.
നാട്ടിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി മീഡിയവൺ ഗൾഫ് മാധ്യമം റജബ് കാർഗോ എന്നിവ സംയുക്തമായി കുവൈത്തിൽ നടപ്പാക്കിയ പദ്ധതിക്ക് മികച്ച പ്രതികരണം. ഒരു ദിവസത്തിനകം തന്നെ ആയിരം കിലോയിലധികം അത്യാവശ്യ ഉൽപ്പന്നങ്ങളാണ് കളക്ഷൻ സെന്ററുകളിൽ എത്തിയത്. ആദ്യ ഷിപ്മെൻറ് എന്ന നിലക്ക് 1000 കിലോ ഉൽപന്നങ്ങൾ ഞായറാഴ്ച വിമാനമാർഗം നാട്ടിലെത്തിച്ചു.
വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ, സാനിറ്ററി നാപ്കിനുകൾ, ബേബി ഫുഡുകൾ തുടങ്ങിയവയാണ് ആദ്യ തവണയായി നാട്ടിലേക്ക് അയച്ചത്. ഇത് സംബന്ധിച്ച അഭ്യർഥന അറിഞ്ഞയുടൻ തന്നെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് സഹായവുമായി പ്രവാസി സമൂഹം ഒന്നടങ്കം എത്തുകയായിരുന്നു. വീട്ടുജോലിക്കാർ, നഴ്സുമാർ, സാമൂഹിക പ്രവർത്തകർ, ടാക്സി ഡ്രൈവർമാർ തുടങ്ങി വിവിധ മേഖലകളിലുള്ള ഈ സംരംഭവുമായി സഹകരിച്ചു. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുള്ളവരും സഹായിച്ചിട്ടുണ്ട്. കെ.ഐ.ജി കനിവ് പ്രവർത്തകർ, റജബ് കാർഗോ ജീവനക്കാർ തുടങ്ങിയവരുടെ അക്ഷീണ പ്രയത്നഫലമായാണ് ഞായറാഴ്ച തന്നെ 1080 കിലോ സാധനങ്ങൾ തിരുവനന്തപുരത്തേക്ക് എത്തിക്കാൻ സാധിച്ചത്.
നാട്ടിൽ പ്രളയത്തിന്റെ രൂക്ഷത കുറഞ്ഞിട്ടുണ്ടെങ്കിലും നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തത്തെ അതിജീവിക്കാൻ ഏറെ സഹായം ഇനിയും വേണം. പദ്ധതിയുമായി സഹകരിച്ച എല്ലാവര്ക്കും നന്ദി.