Gulf
മിനായില്‍ തമ്പുകളില്‍ ഹാജിമാര്‍; ഇന്നു മുതല്‍ പിശാചിന്റെ സ്തൂപത്തില്‍ കല്ലേറ്
Gulf

മിനായില്‍ തമ്പുകളില്‍ ഹാജിമാര്‍; ഇന്നു മുതല്‍ പിശാചിന്റെ സ്തൂപത്തില്‍ കല്ലേറ്

Web Desk
|
22 Aug 2018 2:30 AM GMT

മൂന്ന് സ്തൂപങ്ങളുണ്ട് ജംറാത്തില്‍. ജംറത്തു സുഖ്റാ, ജംറത്തുല്‍ വുസ്ഥാ, ജംറത്തുല്‍ അഖബ എന്നിവയാണ് പിശാചിനെ പ്രതിനിധീകരിക്കുന്ന മൂന്ന് സ്തൂപങ്ങള്

ഹജ്ജിന്റെ തിരക്കു പിടിച്ച ദിനം കഴിഞ്ഞതോടെ മിനായിലെ തമ്പുകളിലാണ് ഹാജിമാര്‍. തിരക്ക് കാരണം പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഹാജിമാര്‍ ഇന്ന് ഹറമിലേക്ക് നീങ്ങുകയാണ്. ഇന്നു മുതല്‍ മൂന്ന് ദിനം പിശാചിന്റെ സ്തൂപത്തിലെ കല്ലേറാണ് ഹാജിമാര്‍ക്കുള്ള കര്‍മങ്ങള്‍.

പ്രാര്‍‌ഥനാ ഭരിതമാണ് മിനാ താഴ്‌വര. ഹജ്ജിന്റെ സുപ്രധാന ചടങ്ങുകള്‍ തീര്‍ന്നു. അവശേഷിക്കുന്നത്. പിശാചിന്റെ സ്തൂപത്തില്‍ മൂന്ന് ദിവസം കല്ലേറ്. മൂന്ന് സ്തൂപങ്ങളുണ്ട് ജംറാത്തില്‍. ജംറത്തു സുഖ്റാ, ജംറത്തുല്‍ വുസ്ഥാ, ജംറത്തുല്‍ അഖബ എന്നിവയാണ് പിശാചിനെ പ്രതിനിധീകരിക്കുന്ന മൂന്ന് സ്തൂപങ്ങള്‍. ഇവിടെ ഏഴ് കല്ലുകള്‍ വീതം എറിയും. ഏതു ഘട്ടത്തിലും ജീവിതം പരിപൂര്‍ണ്ണമായി ദൈവത്തിന് സമര്‍പ്പിക്കുമെന്ന പ്രഖ്യാപനമാണ് ഈ കല്ലേറ്. വേഗത്തില്‍ കല്ലേറ് പൂര്‍ത്തിയാക്കാന്‍ സാധിക്കും വിധമാണ് നിലവിലെ ബഹുനില ജംറ കോംപ്ലക്സ്.

മിനാ തമ്പുകളില്‍ താമസിക്കുന്ന തീര്‍ഥാടകര്‍ അടുത്ത രണ്ട് ദിവസങ്ങള്‍ കൂടി കല്ലെറിഞ്ഞാണ് ഹജ്ജില്‍ നിന്നും വിടവാങ്ങുക. അതേ സമയം കര്‍മങ്ങള്‍ അവസാനിപ്പിച്ച് തീര്‍ഥാടകര്‍ക്ക് ഹജ്ജില്‍ നിന്ന് വിടപറയാം. ഇത് ഉപയോഗപ്പെടുത്തി പകുതിയോളം തീര്‍ഥാടകര്‍ വൈകുന്നേരത്തോടെ മിനായില്‍ നിന്നും മടങ്ങും. ഇന്നലെ തിരക്ക് കാരണം കഅ്ബാ പ്രദക്ഷിണവും സഫാ മര്‍വാ കുന്നുകള്‍ക്കിടയിലെ പ്രയാണവും പൂര്‍ത്തിയാക്കാന്‍ മലയാളി ഹാജിമാരില്‍ ഭൂരിഭാഗത്തിനും സാധിച്ചില്ല. അവര്‍ ഇന്ന് ഹറമിലെത്തി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്.

Related Tags :
Similar Posts