Gulf
ഖത്തര്‍ തൊഴില്‍നിയമ ഭേദഗതി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യം വിടണമെങ്കില്‍ എക്സിറ്റ് പെര്‍മിറ്റ് വേണം
Gulf

ഖത്തര്‍ തൊഴില്‍നിയമ ഭേദഗതി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യം വിടണമെങ്കില്‍ എക്സിറ്റ് പെര്‍മിറ്റ് വേണം

Web Desk
|
6 Sep 2018 3:16 AM GMT

ഖത്തറില്‍ എക്സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാനാവുക തൊഴില്‍നിയമത്തിന് കീഴിലുള്ള തൊഴിലാളികള്‍ക്ക് മാത്രം. ഇന്നലെയാണ് വിദേശികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കിക്കൊണ്ട് അമീര്‍....

ഖത്തറില്‍ എക്സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാനാവുക തൊഴില്‍നിയമത്തിന് കീഴിലുള്ള തൊഴിലാളികള്‍ക്ക് മാത്രം. ഗാര്‍ഹിക തൊഴിലാളികള്‍ പുതിയ നിയമത്തിന്റെ പരിധിയില്‍ വരില്ല. ഇന്നലെയാണ് വിദേശികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കിക്കൊണ്ട് അമീര്‍ സുപ്രധാന നിയമഭേദഗതി പ്രഖ്യാപിച്ചത്.

നിലവില്‍ ലേബര്‍ കോഡിന്റെ പരിധിയിലുള്ള തൊഴിലാളികള്‍ക്ക് മാത്രമാണ് പുതിയ ഇളവ് ബാധകമാകുക. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍ നല്‍കുന്ന എക്സിറ്റ് പെര്‍മിറ്റുണ്ടായാല്‍ മാത്രമെ രാജ്യം വിടാനാകൂ. വിദേശികളുടെ രാജ്യത്തേക്കുള്ള പോക്കുവരവ്, താമസം, രാജ്യം തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന 2015 ലെ നിയമം 21 ല്‍ ഭേദഗതി വരുത്തിയാണ് ഖത്തര്‍ അമീര്‍ ഇന്നലെ ചരിത്രപരമായ തീരുമാനം അറിയിച്ചത്. ഒരു കന്പനിയില്‍ ജോലി ചെയ്യുന്ന 95 ശതമാനം തൊഴിലാളികള്‍ക്കും എക്സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാന്‍ കഴിയുമെന്നതാണ് പ്രഖ്യാപനം.

അതേസമയം നിര്‍ണായക പദവികളിലിരിക്കുന്ന അഞ്ച് ശതമാനം തൊഴിലാളികള്‍ക്ക് തുടര്‍ന്നും എക്സിറ്റ് പെര്‍മിറ്റ് ആവശ്യമായി വരും. ഇവരുടെ എണ്ണം മൊത്തം തൊഴിലാളികളുടെ അഞ്ച് ശതമാനത്തില്‍ കൂടരുതെന്നു നിര്‍ദേശമുണ്ട്. പുതിയ നിയമത്തെ സ്വാഗതം ചെയ്യുന്നതായി അന്താരാഷ്ട്ര തൊഴില്‍ സംഘടനയായ ഇന്‍ര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഖത്തര്‍ നടപ്പില്‍ വരുത്തുന്ന പരിഷ്ക്കാരങ്ങള്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും മാതൃകയാണെന്ന് ഓര്‍ഗനൈസേഷന്‍ പറഞ്ഞു.

വിദേശ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവര്‍ക്ക് മാന്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഖത്തര്‍ നടത്തുന്ന ശ്രമങ്ങളിലെ വലിയ ചുവടുവെപ്പാണ് പുതിയ നിയമമെന്ന് തൊഴില്‍ മന്ത്രി ഡോ ഈസാ സാദ് അല്‍ നുഐമി പറഞ്ഞു.

Similar Posts