സഹോദരിയും സഹോദരി ഭർത്താവും ചതിച്ചു: ഷാര്‍ജയില്‍ മലയാളി യുവതി കടക്കെണിയിൽ
|ചെങ്ങന്നൂർ സ്വദേശിനി രഞ്ജിനി ആർ. നായര്‍ക്ക് കേസില്‍ കുടുങ്ങിയതിനാല്‍ പൊതുമാപ്പ് ആനുകൂല്യം പോലും പ്രയോജനപ്പെടുത്താനാകുന്നില്ല
സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹായിക്കാൻ സ്വന്തം പേരിൽ വായ്പ എടുത്ത് നൽകി വഞ്ചിക്കപ്പെടുന്നത് പുതിയ സംഭവമല്ല. എന്നാൽ ഉറ്റബന്ധുക്കളെ സഹായിച്ച് കേസിലും കുടുങ്ങിയതു മൂലം പൊതുമാപ്പ് ആനുകൂല്യം പോലും പ്രയോജനപ്പെടുത്താൻ കഴിയാതെ കണ്ണീർ കുടിക്കുകയാണ് ഷാർജയിൽ ഒരു യുവതി.
സഹോദരി ഭർത്താവും സഹോദരിയും ചേർന്ന് വഞ്ചിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ സ്വദേശിനി രഞ്ജിനി ആർ. നായരാണ് നാട്ടിൽ പോകാൻ പറ്റാതെ ഷാർജയിൽ നരകജീവിതം നയിക്കുന്നത്. ഇവർക്കൊപ്പം അമ്മയും ചെറിയ മകനും ദുരിതം താണ്ടുകയാണ്.
ചേച്ചിയും ഭർത്താവും ചേർന്ന് റാസൽഖൈമയിൽ നടത്തിയിരുന്ന ഗോൾഡ് ഹോൾസെയിൽ കമ്പനിയുടെ മാനേജർ ജോലിയിലേക്കായി 2013 സെപ്റ്റംബറിലാണ് രഞ്ജിനി യു.എ.ഇയിൽ എത്തുന്നത്. ബിസിനസ് വിപുലനത്തിനായി ബാങ്കുകളിൽ നിന്ന് വായ്പ എടുത്തു സഹായിക്കാൻ സഹോദരി ഭർത്താവ് ആവശ്യപ്പെട്ടപ്പോൾ കൂട്ടുനിന്നു. ഒന്നര ലക്ഷത്തിലേറെ ദിർഹം വായ്പയാണ് എടുത്തിരുന്നത്. ഉടൻ തിരിച്ചെത്തി കടം വീട്ടാമെന്നു പറഞ്ഞ് നാട്ടിൽ പോയവർ ഇതുവരെ മടങ്ങി വന്നിട്ടില്ല. പലരിൽ നിന്ന് സഹായവും വായ്പയും വാങ്ങി വായ് പ അടച്ചു തീർത്ത സമയത്താണ് സ്പോൺസർ നൽകിയ കേസുണ്ടെന്നറിയുന്നത്.
മാവേലിക്കര സ്വദേശി ബിജുക്കുട്ടൻ മാധവൻ, ഭാര്യ രാജി ആർ. നായർ എന്നിവർ ഒളിവിലായതിനാൽ രഞ്ജിനിയെയും കേസിൽ പ്രതി ചേർത്തിരിക്കുകയായിരുന്നു.
ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ യു.എ.ഇ കമ്മിറ്റി അധ്യക്ഷൻ അബ്ദുൽ മജീദ് പാടൂർ, ലീഗൽ സെൽ കൺവീനർ അഡ്വ. ഫരീദ് എന്നിവരുടെ സഹായത്തോടെ കേരള ഡി.ജി.പിക്കും നോർക്കക്കും പരാതി നൽകിയിട്ടുണ്ട് . വിസ കാലാവധി തീർന്ന നിലയിലാണ് രഞ്ജിനിയും മാതാവും മകനും യു.എ.ഇയിൽ തങ്ങുന്നത്.