യു.എന്‍ മനുഷ്യാവകാശ സംഘവുമായി ബന്ധം അവസാനിപ്പിക്കാന്‍ യമന്‍ ഭരണകൂടം
|സൌദി സഖ്യസേനയുടെ സഹായത്തോടെയാണ് യമന്‍ സര്‍ക്കാര്‍ ഹൂതികള്‍ക്കെതിരായ നീക്കം നടത്തുന്നത്
യു.എന്‍ മനുഷ്യാവകാശ സംഘവുമായി യമന്‍ ഭരണകൂടം ബന്ധം അവസാനിപ്പിക്കുന്നു. യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് ഏകപക്ഷീയമാണ് മനുഷ്യാവകാശ സംഘടനയുടെ നിലപാടെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഐക്യരാഷ്ട്ട്ര സഭക്കെതിരെ സൌദി അറേബ്യയും നേരത്തെ സമാന ആരോപണം ഉന്നിയിച്ചിരുന്നു.
സൌദി സഖ്യസേനയുടെ സഹായത്തോടെയാണ് യമന്‍ സര്‍ക്കാര്‍ ഹൂതികള്‍ക്കെതിരായ നീക്കം നടത്തുന്നത്. ഇതിനിടയില്‍ സാധാരണക്കാര്‍ അബദ്ധത്തില്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. ഇതില്‍ സേന ഖേദം പ്രകടിപ്പിച്ചിരുന്നു. യു.എന്‍ മനുഷ്യാവകാശ സംഘത്തിന്റെ കണ്ടെത്തലുകളില്‍ ചിലത് വസ്തുതാ വിരുദ്ധമാണെന്നും പ്രത്യേക അന്വേഷണ സംഘം വിശദീകരിച്ചു. ഹൂതികള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ യു.എന്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് നേരത്തെ സൌദി അറേബ്യ ആരോപിച്ചിരുന്നു. സമാന ആരോപണം യമനും നടത്തി. ഇതിന് ശേഷം ഹുദൈദയില്‍ ഹൂതികള്‍ നടത്തിയ കൊലപാതകങ്ങളും യു.എന്‍ വിമര്‍ശിച്ചില്ല. ഇതോടെയാണ് ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ യമന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏകപക്ഷീയമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ യു.എന്‍ മനുഷ്യാവകാശ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ സൌദി സഖ്യസേനയും തള്ളിയിരുന്നു.