രേഖകളില്ലാതെ വാഹനമോടിച്ച് അപകടം: ദമ്മാമില്‍ മലയാളികള്‍ ദുരിതത്തില്‍
|സൗദിയിലെ ദമ്മാമില്‍ ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയ കൊല്ലം സ്വദേശി സുരേഷും സുഹൃത്ത് സല്‍മാനുമാണ് ഗതികേടിലായത്
രേഖകളില്ലാതെ വാഹനമോടിച്ച് അപകടം സംഭവിച്ചതില്‍ നഷ്ടപരിഹാരം നല്കാന് കഴിയാതെ മലയാളികള്‍ ദുരിതത്തില്‍. സൗദിയിലെ ദമ്മാമില്‍ ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയ കൊല്ലം സ്വദേശി സുരേഷും സുഹൃത്ത് സല്‍മാനുമാണ് ഗതികേടിലായത്. സല്മാന് ഓടിക്കേണ്ട വാഹനം സുരേഷ് ഓടിച്ച് അപകമുണ്ടായതോടെയാണ് ദുരിതങ്ങളുടെ തുടക്കം.
ആറ് മാസം മുമ്പാണ് സുരേഷ് ഹൗസ് ഡ്രൈവര്‍ വിസയില്‍ ദമ്മാമിലെത്തിയത്. സുരേഷിന്റെ സ്പോണ്സര് സ്ഥലത്തില്ലാത്തതിനാല്‍ വിസ നല്കിയ സുഹൃത്ത് മറ്റൊരാളുടെ റൂമില്‍ തല്ക്കാലികമായി താമസിക്കാന്‍ ഇടം കണ്ടെത്തി നല്കി. എന്നാല്‍ താമസിക്കാന്‍ ഇടം നല്കിയ കായംകുളം സ്വദേശി സല്‍മാനും ദുരിതത്തിലാണ്. സല്‍മാന്റെ രേഘകള് വച്ചാണ് സുരേഷ് വണ്ടി ഓടിച്ചത് എന്നതാണ് ഇതിന്റെ കാരണം.
മുമ്പ് സൗദിയില്‍ ഉണ്ടായിരുന്ന സുരേഷിന് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കിലും കാലാവധി കഴിഞ്ഞിരുന്നു. മൂന്ന് ആഴ്ചത്തെ ജയില്‍ വാസത്തിന് ശേഷം സാമൂഹ്യ പ്രവര്ത്തകന് ഇടപെട്ട് സുരേഷിനെ ജാമ്യത്തിലിറക്കി. വിവരങ്ങളറിഞ്ഞ സ്പോണ്സര് ഇതോട സുരേഷിനെ കൈയൊഴിഞ്ഞു.
ഇതോടെ സല്‍മാന്റെ സ്പോണ്സര് നഷ്ടപരിഹാരമായി മാസ വേതനത്തില്‍ നിന്നും തുക ഈടാക്കാന്‍ തുടങ്ങി. താനറിയാതെ സുരേഷ് വരുത്തിയ അപടകടത്തിന്റെ ദുരന്തം പേറുകയാണ് സല്മാന്. എങ്കിലും സുമനസ്സുകള്‍ സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.