Gulf
രൂപയുടെ മൂല്യം വീണ്ടും താഴോട്ട്: പരമാവധി തുക നാട്ടിലേക്ക്​ അയക്കാനുള്ള തിടുക്കത്തില്‍ പ്രവാസികള്‍
Gulf

രൂപയുടെ മൂല്യം വീണ്ടും താഴോട്ട്: പരമാവധി തുക നാട്ടിലേക്ക്​ അയക്കാനുള്ള തിടുക്കത്തില്‍ പ്രവാസികള്‍

Web Desk
|
3 Oct 2018 7:23 AM GMT

മാസാദ്യം കൂടിയായതിനാൽ മിക്ക പണമിടപാട്​ സ്ഥാപനങ്ങളിലും നല്ല തിരക്ക്. പിന്നിട്ട ആഴ്ചകളിൽ നാട്ടിലേക്ക്​ അയക്കുന്ന പണത്തിൽ 30% വരെ വർധന ഉണ്ടായെന്ന് ​പ്രമുഖ മണി എക്സ്ചേഞ്ച്​ സ്ഥാപനങ്ങൾ അറിയിച്ചു.

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ, ഇന്ത്യയിലേക്ക് പണം അയക്കാൻ ഗൾഫ് പണമിടപാടു സ്ഥാപനങ്ങളിൽ വൻതിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിനിമയ മൂല്യമാണ് യു.എ.ഇ ദിർഹം ഉൾപ്പെടെ മിക്ക ഗൾഫ് കറൻസികൾക്കും ഇപ്പോൾ ലഭിക്കുന്നത്.

രൂപയുടെ മൂല്യതകർച്ച മുൻനിർത്തി ഇന്ത്യൻ പ്രവാസികൾ പരമാവധി തുക നാട്ടിലേക്ക് അയക്കാനുള്ള തിടുക്കത്തിലാണ്. മാസാദ്യം കൂടിയായതിനാൽ മിക്ക പണമിടപാട് സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പിന്നിട്ട ആഴ്ചകളിൽ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ മുപ്പതു ശതമാനം വരെ വർധന ഉണ്ടായെന്ന് പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അറിയിച്ചു.

ഖത്തർ റിയാൽ ഇരുപത് രൂപക്ക് മുകളിലാണ് രാവിലെ വ്യാപാരം തുടരുന്നത്. ചൊവ്വാഴ്ച ചരിത്രത്തിൽ ആദ്യമായി യു.എ.ഇ ദിർഹം വിനിമയ നിരക്ക് 20 രൂപയും കടന്നിരുന്നു. ഇന്നു കാലത്ത് 19.96 എന്ന നിലക്കാണ് വ്യാപാരം. ഗൾഫിലെ മറ്റു കറൻസികളും മികച്ച നേട്ടം ഉറപ്പാക്കി. ഒമാൻ റിയാൽ- 190.64, സൗദി റിയാൽ 19.57 രൂപ എന്നിങ്ങനെയാണു നിരക്കുകൾ. കുവൈത്ത് ദിനാർ 240 രൂപക്കും മുകളിലാണ്.

രൂപയുടെ വിനിമയ നിരക്ക് ഇനിയും ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. ദിർഹത്തിന് 21 രൂപ വരെ ലഭിച്ചേക്കുമെന്നും അവർ വ്യക്തമാക്കുന്നു. ആഗോള വിപണിയില്‍ എണ്ണവില വർധിക്കുന്നതും ഇന്ത്യയിൽ വ്യാപാരക്കമ്മി ഉയരുന്നതും രൂപക്ക് വീണ്ടും തിരിച്ചടിയായേക്കും.

Similar Posts