അറബിക്കടലിൽ രൂപം കൊണ്ട ലുബാൻ ചുഴലികൊടുങ്കാറ്റ് കൂടുതൽ ശക്തിയാർജിച്ചു
|സലാല ഉൾപ്പെടുന്ന തെക്കൻ ഒമാൻ, യമൻ ഭാഗത്തേക്കാണ് കാറ്റ് ഇപ്പോൾ നീങ്ങുന്നത്
അറബിക്കടലിൽ രൂപം കൊണ്ട ലുബാൻ ചുഴലികൊടുങ്കാറ്റ് കൂടുതൽ ശക്തിയാർജിച്ചു. സലാല ഉൾപ്പെടുന്ന തെക്കൻ ഒമാൻ, യമൻ ഭാഗത്തേക്കാണ് കാറ്റ് ഇപ്പോൾ നീങ്ങുന്നത്. വെള്ളിയാഴ്ചയോടെ കാറ്റ് കര തൊടുമെന്ന് ഒമാൻ കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 93 മുതൽ 102 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗത.
ചുഴലി കൊടുങ്കാറ്റിെൻറ നേരിട്ടല്ലാത്ത ആഘാതങ്ങൾ നാളെ മുതൽ സലാല ഉൾപ്പെടുന്ന ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളെ ബാധിക്കുമെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോരിറ്റി അറിയിച്ചു. ഒറ്റപ്പെട്ട മഴക്കും തിരമാലകൾ ആറ് മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. സലാല തീരത്ത് നിന്ന് 830 കിലോമീറ്റർ അകലെയാണ് നിലവിൽ കാറ്റിെൻറ സ്ഥാനം. കാറ്റിെൻറ ഭാഗമായുള്ള മഴമേഘങ്ങൾ തീരത്ത് നിന്ന് 525 കിലോമീറ്റർ ദൂരെയെത്തിയിട്ടുണ്ട്. പടിഞ്ഞാറ് വടക്കുപടിഞ്ഞാറൻ ദിശയിൽ തെക്കൻ ഒമാൻ, യമൻ ഭാഗത്തേക്കാണ് കാറ്റിെൻറ സഞ്ചാരം. അധികൃതരുടെ അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.
സലാലയിൽ ജന ജീവിതം സാധാരണ ഗതിയിലാണ്. ഒരു കാറ്റ് വരുന്നതിന്റെ കാര്യമായ മുന്നൊരുക്കങ്ങൾ എവിടെയും കാണാനില്ല.
മുൻകരുതൽ നടപടികളുടെ ഭാഗമായി കൂടുതൽ സുരക്ഷ സേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പടിഞ്ഞാറ് ഭാഗത്തേക്ക് കാറ്റ് നീങ്ങിയില്ലെങ്കിൽ വെള്ളിയാഴ്ചയോടെ കനത്ത മഴയും ശക്തമായ കാറ്റും അടിക്കുമെന്ന് അതോറിറ്റി നൽകിയ മുന്നറിയിപ്പിൽ പറയുന്നു.