Gulf
ദുബൈ എയർപോർട്ടിലെ സ്മാർട്ട്​ ടണൽ സംവിധാനം വിജയകരം
Gulf

ദുബൈ എയർപോർട്ടിലെ സ്മാർട്ട്​ ടണൽ സംവിധാനം വിജയകരം

മുഫീദ വല്ലപ്പുഴ
|
11 Oct 2018 6:10 PM GMT

കഴിഞ്ഞ ദിവസമാണ് സ്മാർട്ട് ടണൽ സംവിധാനം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്

ദുബൈ എയർപോർട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ സ്മാർട്ട് ടണൽ സംവിധാനം വിജയകരം. ബയോമെട്രിക് സംവിധാനം വഴി യാത്രക്കാരുടെ വിവരങ്ങൾ പരിശോധിച്ച് ക്യത്യത ഉറപ്പുവരുത്തുന്നതാണ് സ്മാർട്ട് ടണൽ സംവിധാനം. ഇത് വൈകാതെ വിപുലീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

കഴിഞ്ഞ ദിവസമാണ് സ്മാർട്ട് ടണൽ സംവിധാനം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. ഉടൻ തന്നെ ഇതിന്‍റെ ഒൗദ്യോഗിക ഉദ്ഘാടനം യു.എ.ഇ വൈസ്
പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ
ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും നിർവഹിക്കും. എമിഗ്രേഷൻ യാത്രാ നടപടികൾ പൂർത്തിയാക്കാൻ പാസ്‌പോർട്ടോ, എമിറേറ്റ്‌സ് ഐഡിയോ ആവശ്യമില്ല എന്നതാണ് പുതിയ സംവിധാനത്തിന്‍റെ പ്രത്യേകത. 15 സെക്കൻഡിനകം യാത്രക്കാർക്ക് നടപടികൾ പൂർത്തിയാക്കി പുറത്തെത്താം. ദുബൈ രാജ്യാന്തര വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണത്തിലും വർഷംതോറും റെക്കോർഡ് വർധനവാണ് പ്രതീക്ഷിക്കുന്നത്.

ഇതിലൂടെ കടന്നു പോകുന്ന യാത്രക്കാരുടെ പാസ്‌പോർട്ടിന് ചുരുങ്ങിയത് 6 മാസത്തെ വാലിഡിറ്റി ഉണ്ടായിരിക്കണം. രണ്ടു കിയോസ്‌ക്കുകളാണ് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്. സ്മാർട്ട് ടണൽ സംവിധാനം വൈകാതെതന്നെ കൂടുതൽ വിപുലമാക്കാനാണ് തീരുമാനം. ദുബൈക്കു പുറമെ രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലേക്കും സ്മാർട്ട് ടണൽ സംവിധാനം വിപുലീകരിക്കുന്ന കാര്യവും അധികൃതരുടെ പരിഗണനയിലുണ്ട്.

Related Tags :
Similar Posts