വാക്കിന് വിലയില്ലാത്തവര്‍ ഏത് പദവിയിലിരുന്നിട്ടും കാര്യമില്ല; മോദിക്കെതിരെ മുഖ്യമന്ത്രി
|മന്ത്രിമാർക്ക് വിദേശരാജ്യങ്ങളിൽ സന്ദർശനാനുമതി തടഞ്ഞ നടപടിയാണ് പിണറായിയെ പ്രകോപിപ്പിച്ചത്.
വാക്കിന് വിലയില്ലാത്തവർ ഏത് പദവിയിൽ ഇരുന്നിട്ടും കാര്യമില്ലെന്ന്
ചൂണ്ടിക്കാട്ടി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ
നിശിത വിമർശനം. ദുബൈയിൽ നടന്ന പൊതുപരിപാടിയിലാണ്
മോദിക്കും കേന്ദ്ര സർക്കാറിനുമെതിരെ പിണറായി വിജയൻ ആഞ്ഞടിച്ചത്. പിണറായി വിജയന്‍റെ യു.എ.ഇ സന്ദർശനം ഇന്ന്
അവസാനിക്കും. ഷാർജയിൽ വൈകീട്ട് നടക്കുന്ന മലയാളികളുടെ പൊതുസമ്മേളനത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും.
മന്ത്രിമാർക്ക് വിദേശരാജ്യങ്ങളിൽ സന്ദർശനാനുമതി തടഞ്ഞ നടപടിയാണ് പിണറായിയെ പ്രകോപിപ്പിച്ചത്. എല്ലാ സഹായവും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി പിന്നീട് വാക്കുമാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രളയ കെടുതിക്ക് പരിഹാരം കാണാനുള്ള നീക്കത്തിന് തുരങ്കം വെക്കുന്ന കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനായിരുന്നു അടുത്ത കൊട്ട്. എന്നാൽ ഇതുകൊണ്ടൊന്നും കേരളത്തിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങളിൽ നിന്ന് പിന്നാക്കം പോകില്ലെന്ന ഓർമപ്പെടുത്തലും.
ദുബൈ അൽനാസർ ലിഷർലാൻറിലെ വേദിയിൽ വലിയ ആവേശത്തോടെയാണ് മലയാളികൾ മുഖ്യമന്ത്രിയുടെ പ്രസംഗം സ്വീകരിച്ചത്. എം.എ യൂസുഫലി, ഡോ. ആസാദ് മൂപ്പൻ എന്നിവരും സന്നിഹിതരായിരുന്നു.