യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് യമന്‍ അടുത്തയാഴ്ച തുടക്കമിടും
|മനുഷ്യ ദുരന്തത്തിന്റെ വക്കിലുള്ള യമനില്‍ യുദ്ധമവസാനിപ്പിക്കാറായെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു
യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് യമന്‍ അടുത്തയാഴ്ച തുടക്കമിടും. യുദ്ധം അവസാനിപ്പിക്കാന്‍ സമയമായെന്നും സമാധാന ചര്‍ച്ചയെ പിന്തുണക്കണമെന്നും അമേരിക്കയും ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയിലാണ് യോഗം ചേരുക.
മനുഷ്യ ദുരന്തത്തിന്റെ വക്കിലുള്ള യമനില്‍ യുദ്ധമവസാനിപ്പിക്കാറായെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ഓഫീസാണ് യമന്‍ യുദ്ധത്തില്‍ പങ്കാളികളായവര്‍ക്ക് യുദ്ധമവസാനിപ്പിക്കാനുള്ള അഭ്യര്‍ഥന കൈമാറിയത്. അമേരിക്കന്‍ പിന്തുണയുള്ള അറബ് സഖ്യസേന, യമന്‍ സൈന്യം, ഹൂതികള്‍, ഇതര വിമത വിഭാഗങ്ങള്‍ എന്നിവരാണ് യമന്‍ യുദ്ധത്തില്‍ നിലവില്‍ പങ്കാളികള്‍. യുദ്ധമവസാനിപ്പിക്കാന്‍ യു.എന്‍ മധ്യസ്ഥന്‍ മാര്ട്ടിന് ഗ്രിഫിത്ത് അടുത്തയാഴ്ച യമനിലെത്തും. ഇതിനെ പിന്താങ്ങി യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നാണ് അമേരിക്കന്‍ ആവശ്യം. ഇനിയും യുദ്ധമവസാനിപ്പിച്ചില്ലെങ്കില്‍ മനുഷ്യ ദുരന്തം കാണേണ്ടി വരുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ ഹുദൈദ തുറമുഖം മോചിപ്പിക്കാനുള്ള യമന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഈ മാസം കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം അറുപത് കവിഞ്ഞിട്ടുണ്ട്.