തൊഴില്‍ വിസയിലുള്ള പ്രവാസികള്‍ക്ക് സുപ്രധാന നിര്‍ദേശവുമായി വിദേശകാര്യ മന്ത്രാലയം
|ഇന്ത്യയിൽനിന്ന് യാത്ര തിരിക്കുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും രജിസ്ട്രേഷൻ പൂര്‍ത്തിയാക്കിയിരിക്കണം. അഞ്ച് മിനിറ്റ് കൊണ്ട് രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
യു.എ.ഇയിൽ തൊഴിൽ വിസയിലുള്ള ഇന്ത്യക്കാർ നാട്ടിൽ പോയി തിരിച്ചുവരുന്നത് ഡിസംബർ 31ന് ശേഷമാണെങ്കിൽ, ഇന്ത്യൻ സർക്കാറിന്റെ ഇമിഗ്രേറ്റ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണെന്ന് അധികൃതർ. യു.എ.ഇക്ക് പുറമെ 17 രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് കൂടി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇൗ നിബന്ധന ബാധകമാക്കിയിട്ടുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷനാണിത്.
രജിസ്റ്റർ ചെയ്യാത്ത എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്ത പാസ്പോർട്ട് ഉടമകൾക്ക് പട്ടികയിൽ പെടുത്തിയ രാജ്യങ്ങളിലേക്ക് ജനുവരി ഒന്ന് മുതൽ യാത്ര ചെയ്യാൻ സാധിക്കില്ല. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിൽനിന്നും ഇവരെ മടക്കി അയക്കും. അതേസമയം, വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഭാര്യമാർ, കുട്ടികൾ തുടങ്ങി ആശ്രിത വിസയിലുള്ളവർ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ അറിയിച്ചു. ഭാര്യമാർ, കുട്ടികൾ എന്നിവർക്ക് ജോലി ഉണ്ടെങ്കിലും അവർ ആശ്രിത വിസയിലാണെങ്കിൽ രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയിൽനിന്ന് യാത്ര തിരിക്കുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും രജിസ്ട്രേഷൻ പൂര്‍ത്തിയാക്കിയിരിക്കണം. അഞ്ച് മിനിറ്റ് കൊണ്ട് രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ, രജിസ്ട്രേഷന് ശ്രമിച്ച പലരും പേജ് ഡൗൺലോഡാകുന്നില്ലെന്ന് പരാതിപ്പെടുകയാണ്.
രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ വൺ ടൈം പാസ്വേഡ് വേണം. അതിനാൽ, ഇതിനായി ഒരു ഇന്ത്യൻ സിം നമ്പർ ഉപയോഗിക്കേണ്ടി വരും. ഇൗ സിം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തതായിരിക്കണമെന്നില്ല.