ഗള്‍ഫില്‍ നിന്നും കണ്ണൂരിലേക്ക് കൂടുതല്‍ സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ഇന്ത്യ എക്സ്പ്രസ്
|മാര്‍ച്ച് 31 മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക
ഗൾഫിൽ നിന്ന് കണ്ണൂരിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാന സര്‍വീസ് പ്രഖ്യാപിച്ചു. മസ്കത്തിൽ നിന്നും ബഹ്റൈന്‍ വഴി കുവൈത്തില്‍ നിന്നുമാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. കണ്ണൂര്‍ - ഷാര്‍ജ സര്‍വീസ് ദിവസേനയാക്കും. കണ്ണൂരില്‍ നിന്ന് അബൂദബിയിലേക്കും ദോഹയിലേക്കുമുള്ള സര്‍വീസുകളും വര്‍ധിപ്പിക്കും. എയര്‍ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ കെ. ശ്യാംസുന്ദര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.
മാര്‍ച്ച് 31 മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. മസ്കത്ത്-കണ്ണൂര്‍ റൂട്ടില്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. വൈകുന്നേരം 5.35 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം രാത്രി 7.50 ന് മസ്കത്തിലെത്തും. രാത്രി 8.50ന് തിരിച്ച് പറക്കുന്ന വിമാനം അടുത്ത ദിവസം പുലര്‍ച്ചെ 2.5 ന് കണ്ണൂരിലെത്തും.
ബുധന്‍, ശനി ദിവസങ്ങളിലാണ് ബഹ്റൈന്‍ വഴിയുള്ള കണ്ണൂര്‍ -കുവൈത്ത് സര്‍വീസ്. രാവിലെ 7.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ബഹ്റൈന്‍ സമയം 9.10 ന് ബഹ്റൈനിലെത്തും. അവിടെ നിന്ന് 10.10 ന് പുറപ്പെട്ട് രാവിലെ 11.10ന് കുവൈത്തിലിറങ്ങും. തിരിച്ച് ഉച്ചക്ക് 12.10 ന് കുവൈത്തില്‍ നിന്ന് തിരിച്ച് രാത്രി 7.10 ന് കണ്ണൂരിലെത്തും. ദോഹ - കണ്ണൂര്‍ റൂട്ടില്‍ വെള്ളിയാഴ്ച കൂടി സര്‍വീസ് ആരംഭിക്കും. ഇതോടെ ദോഹയിലേക്ക് കണ്ണൂരില്‍ നിന്ന് ആഴ്ചയില്‍ അഞ്ച് വിമാനങ്ങളാകും.
കണ്ണൂരില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള സര്‍വീസ് ആഴ്ചയില്‍ നാല് എന്നതിന് പകരം ദിവസേനയാക്കും. അബൂദബിയിലേക്ക് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കൂടി സര്‍വീസ് തുടങ്ങും. ഇതോടെ കണ്ണൂര്‍ - അബൂദബി വിമാനങ്ങളുടെ എണ്ണം ആഴ്ചയില്‍ അഞ്ചാകും. കണ്ണൂര്‍ ഗള്‍ഫ് സെക്ടറില്‍ നിലവില്‍ 14 സര്‍വീസ് എന്നത് 24 സര്‍വീസായി ഉയരും. വെള്ളിയാഴ്ച കൂടി കോഴിക്കോട്-റിയാദ് സര്‍വീസ് ആരംഭിക്കാനും തീരുമാനമുണ്ട്. ഈ റൂട്ടിലും അതോടെ ആഴ്ചയില്‍ അഞ്ച് സര്‍വീസാകും. റീജനല്‍ മാനേജര്‍ മോഹിത് സെയിന്‍, അറേബ്യന്‍ ട്രാവല്‍ എജന്‍സി ജി എം വി സി വേണുഗോപാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.