അബുദാബി ഹിന്ദു ക്ഷേത്രം; അടിത്തറ നിർമാണം അന്തിമഘട്ടത്തിൽ
|ഇന്ത്യയിൽ നിന്നെത്തിച്ച കൊത്തുപണി ചെയ്ത കല്ലുകള്‍ മെയ് മാസം ക്ഷേത്രത്തില്‍ സ്ഥാപിക്കും.
അബുദാബിയിലെ പ്രഥമ ഹിന്ദു ക്ഷേത്രത്തിന്‍റെ അടിത്തറ നിർമാണം പുരോഗമിക്കുന്നു. ഏപ്രിൽ അവസാനത്തോടെ പണി പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് മാസത്തില്‍ ഇന്ത്യയിൽ നിന്നെത്തിച്ച കൊത്തുപണി ചെയ്ത കല്ലുകള്‍ ക്ഷേത്രത്തില്‍ സ്ഥാപിക്കും.
അബുദാബിയിലെ അബു മുറൈഖ പ്രദേശത്തെ 27 ഏക്കർ സ്ഥലത്താണ് മൊത്തം 4,500 ലക്ഷം ദിർഹം മുതൽമുടക്കിൽ പരമ്പരാഗത ശിലാക്ഷേത്രം നിർമിക്കുന്നത്. ബോചസൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായണ സൻസ്ഥയുടെ മേല്‍നോട്ടത്തിലാണ് ക്ഷേത്ര നിര്‍മാണം.
തറനിരപ്പിൽ നിന്ന് 4.5 മീറ്റർ ആഴമുള്ള ഫൗണ്ടേഷൻ ജോലികളാണ് അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നത്. ജനുവരി മുതൽ ഇതുവരെയുള്ള ഫൗണ്ടേഷൻ ജോലികൾക്കായി 4,500 ക്യുബിക് മീറ്റർ കോൺക്രീറ്റ് വിനിയോഗിച്ചു. 3,000 ക്യുബിക് മീറ്റർ ബാക്ക്ഫില്ലിങും നടത്തി.
ഫൗണ്ടേഷന്‍റെ കോൺക്രീറ്റ് ഭിത്തികൾക്കിടയിൽ സൈറ്റിലെ മണ്ണുപയോഗിച്ച് ബാക്ക്ഫില്ലിങ് നടത്തുന്ന പ്രവർത്തനങ്ങളാണിപ്പോൾ നടക്കുന്നതെന്ന് അബുദാബി ബാപ്സ് ഹിന്ദുമന്ദിർ പ്രൊജക്ട് എൻജിനീയർ അശോക് കോണ്ടെറ്റി പറഞ്ഞു.
ക്ഷേത്രത്തിന്‍റെ അടിത്തറ രൂപകൽപന ചെയ്തിട്ടുള്ള രണ്ട് തുരങ്കങ്ങൾ നിർമിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് പ്രത്യേക കല്ലുകളാണെത്തിച്ചത്. തുരങ്കഭിത്തികളിൽ അടുത്തയാഴ്ചയോടെ ഈ കല്ലുകൾ പതിപ്പിച്ചു തുടങ്ങും.
പരമ്പരാഗത ശിലാക്ഷേത്രത്തിന്‍റെ രൂപകല്‍പനയില്‍ കൈകൊണ്ട് കൊത്തിയ കൽത്തൂണുകളാണ് ഉപയോഗിക്കുന്നത്. രാജസ്ഥാനിലെയും ഗുജറാത്തിലെയും കരകൗശലത്തൊഴിലാളികളാണ് ക്ഷേത്രത്തിലെ കൽത്തൂണുകൾ കൊത്തി രൂപകൽപന ചെയ്തത്.
ശിലാക്ഷേത്രത്തിലെ പിങ്ക് കല്ലുകൾ രാജസ്ഥാനിൽ നിന്നും മാർബിൾ ഇറ്റലിയിലെ മാസിഡോണിയയിൽ നിന്നുള്ളതുമാണ്. കൊത്തിയെടുത്ത കല്ലുകളാണ് അബുദാബിയിലേക്ക് കൊണ്ടുവരുന്നത്. ഡിപി വേൾഡും ട്രാൻസ് വേള്‍ഡ് ഗ്രൂപ്പും ലോജിസ്റ്റിക്കുമായി സഹകരിച്ചാണ് ഇവ അബുദാബിയിലെത്തിക്കുന്നത്.