Gulf
ചതിയിൽ പെടുത്തി ലഹരിക്കടത്ത്; ഖത്തർ ജയിലിലുള്ള ഇന്ത്യൻ ദമ്പതികളെ ഖത്തർ കോടതി വെറുതെ വിട്ടു
Gulf

ചതിയിൽ പെടുത്തി ലഹരിക്കടത്ത്; ഖത്തർ ജയിലിലുള്ള ഇന്ത്യൻ ദമ്പതികളെ ഖത്തർ കോടതി വെറുതെ വിട്ടു

Web Desk
|
29 March 2021 11:07 AM GMT

2019 ജൂലൈയിൽ ആയിരുന്നു സംഭവം. ദോഹ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടിച്ചപ്പോഴാണ് പയ്ക്കറ്റിൽ മയക്കുമരുന്നായിരുന്നെന്ന് ഇവർ അറിയുന്നത്

ബന്ധുക്കളുടെ ചതിയിൽ പെട്ട് ലഹരിവസ്തു കൊണ്ടുവരികയും പിന്നീട് ഖത്തർ കസ്റ്റംസിന്‍റെ പിടിയിലകപ്പെട്ട് ജയിലിൽ കഴിഞ്ഞുവരികയും ചെയ്ത ഇന്ത്യൻ ദമ്പതികളെ വെറുതെ വിടാൻ ഖത്തർ കോടതി ഉത്തരവിട്ടു. പത്തു വർഷം തടവും ഒരു കോടി രൂപ പിഴയും വിധിച്ച് ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുകയായിരുന്ന മുംബൈ സ്വദേശികളായ മുഹമ്മദ്‌ ശരീഖ് ഖുറേഷി, ഒനിബ ഖുറൈശി എന്നിവരെയാണ് ജയിൽ മോചിതരാക്കാൻ കോടതി ഉത്തരവിട്ടത്. ഇവരുടെ നിരപരാധിത്തം തെളിയിക്കപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. തുടർ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ജയിലിൽ നിന്നും ഇറങ്ങി ഇവർക്ക് നാട്ടിൽ പോകാമെന്നു ഇവർക്ക് വേണ്ടി നിയമപോരാട്ടം നടത്തിയ ഖത്തറിലെ മലയാളി അഭിഭാഷകൻ അഡ്വ-നിസ്സാർ കൊച്ചേരി മീഡിയവണിനോട് പറഞ്ഞു.

2019 ജൂലൈയിൽ ആയിരുന്നു സംഭവം. ദോഹ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടിച്ചപ്പോഴാണ് പയ്ക്കറ്റിൽ മയക്കുമരുന്നായിരുന്നെന്ന് ഇവർ അറിയുന്നത്. 4.1 കിലോ ഹാഷിഷ് ആണ് ഇവരുടെ ബാഗിൽ നിന്നും പിടിച്ചെടുത്തത്. മക്കൾ വഞ്ചിക്കപ്പെട്ടതാണെന്ന് കാട്ടി കുടുംബം എംബസ്സികളിലും വിദേശ കാര്യ മന്ത്രാലയത്തെയും സമീപിച്ചു. തുടർന്ന് ഖത്തറിൽ കേസ് നടത്താനായി അഭിഭാഷകനെ ഏല്‍പിച്ചു. ഖത്തറിലെ പ്രമുഖ മലയാളി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ-നിസ്സാർ കൊച്ചേരിയാണ് ഇവർക്ക് വേണ്ട നിയമോപദേശങ്ങളും മറ്റ് സഹായങ്ങളും നൽകിയത്. ശാരിക്കും തബസ്സുമും തമ്മിൽ തമ്മിലുള്ള ഫോൺ സംഭാഷണത്തിന്‍റെ ശബ്ദ രേഖയും തെളിവായി ഹാജരാക്കി. തബസ്സും ഇവരെ ഖത്തർ സന്ദർശിക്കാനായി നിർബന്ധിക്കുന്നതും പുകയില പാക്കറ്റിന്‍റെ കാര്യം പറയുന്നതും ഓഡിയോയിൽ വ്യക്തമായിരുന്നു.

‌എന്നാൽ ഈ തെളിവെല്ലാം ഹാജരാക്കിയിട്ടും കഴിഞ്ഞ വർഷം അപ്പീൽ കോടതി ഇവരുടെ അപേക്ഷ നിരസിച്ചിരുന്നു. പിന്നീട് ഇവർ പരമോന്നത കോടതിയെ സമീപിച്ചു. ആ സമയം ഗർഭിണിയായിരുന്ന ഒനിബ ജയിലിൽ വെച്ച് കഴിഞ്ഞ വർഷം പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. പിന്നീട് ഇന്ത്യൻ നോർകോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ അന്വേഷണത്തിൽ പിതൃ സഹോദരി മയക്കുമരുന്ന് കടത്ത് റാക്കറ്റ് കണ്ണിയാണെന്ന് തെളിഞ്ഞതാണ് ഇവരുടെ മോചനത്തിനായുള്ള പോരാട്ടത്തിൽ വഴിത്തിരിവായത്. ഇതോടെ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയവും വിദേശ മന്ത്രാലയവും വിഷയത്തിൽ ഇടപെട്ട് ആവശ്യമായ സഹായങ്ങൾ നൽകി. ഇക്കഴിഞ്ഞ ജനുവരി 11 ന് ക്രിമിനൽ ഡിപ്പാർട്മെന്‍റ് കോടതി മേധാവി ജസ്റ്റിസ് ഹമദ് മുഹമ്മദ് അൽ മൻസൂരിയുടെ അധ്യക്ഷതയിലുള്ള ബഞ്ച് കേസിൽ വാദം കേൾക്കുകയും അപ്പീൽ കോടതിയുടെ വിധിയിൽ തെറ്റുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തു. കുറ്റാരോപിതർക്ക് ക്രിമിനൽ ഉദ്ദേശങ്ങൾ ഇല്ലായിരുന്നെന്നും പാക്കറ്റിൽ മയക്കുമരുന്നാണെന്ന് അറിയില്ലായിരുന്നെന്നും കോടതി വ്യക്തമാക്കി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts