മെട്രോ സർവീസ് നിരീക്ഷിക്കാൻ അത്യാധുനിക സ്മാര്‍ട്ട് സാങ്കേതികവിദ്യയുമായി ദുബൈ
|മെട്രോ സംവിധാനങ്ങളുടെ പരിപാലനവും തകരാറുകൾ മുൻകൂട്ടി അറിയിക്കുന്നതിനുള്ള പ്രാപ്തിയും വർധിപ്പിക്കുകയാണ് ലക്ഷ്യം.
മെട്രോ സംവിധാനങ്ങളും സർവീസുകളും വിദൂരമായി നിരീക്ഷിച്ച് വിലയിരുത്തുന്നതിന് അത്യാധുനിക സ്മാർട്ട് സാങ്കേതികവിദ്യയൊരുക്കി ദുബൈ. ദുബൈ റോഡ് ആന്‍റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് അത്യാധുനിക സെൻട്രൽ സ്മാർട്ട് സിസ്റ്റം വികസിപ്പിച്ചത്.
റൂട്ട് 2020 ശൃംഖലയിലെ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുതിയ സംവിധാനം. ഇൻറർനെറ്റ് ഓഫ് തിംഗ്സ്, നിർമിത ബുദ്ധി എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഡാറ്റകൾ തുടർച്ചയായി വിശകലനം ചെയ്യാൻ ഇതിലൂടെ സാധിക്കും.
ആവശ്യമായ പ്രതിരോധ- അറ്റകുറ്റപ്പണികൾ സംബന്ധിച്ച വിവരം അൽ റാഷിദിയ സ്റ്റേഷനിലെ പ്രധാന കൺട്രോൾ സെന്‍ററിലേക്ക് അറിയിക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണ് ഒരുക്കിയിരിക്കുന്നത്. ദുബൈ മെട്രോ സംവിധാനങ്ങളുടെ പരിപാലനവും തകരാറുകൾ മുൻകൂട്ടി അറിയിക്കുന്നതിനുള്ള പ്രാപ്തിയും വർധിപ്പിക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ അധികൃതർ വ്യക്തമാക്കി.
മുൻവർഷങ്ങളെ അപേക്ഷിച്ച് 2020ൽ മെട്രോ സംവിധാനങ്ങളിലെ തകരാറുകൾ കുറയ്ക്കാന്‍ സിസ്റ്റം സഹായകമായിരുന്നു. ഭാവിയില്‍ തകരാറുകൾ കുറയ്ക്കുന്നതിനും ട്രെയിനുകളുടെ അറ്റകുറ്റപ്പണി യഥാസമയം ഉറപ്പാക്കുന്നതിനും പുതിയ സംവിധാനം ഉപകരിക്കും.