Gulf
ദുബൈയിൽ സ്വകാര്യ സ്കൂളുകൾക്ക് ബിരുദദാന ചടങ്ങുകൾ നടത്താൻ അനുമതി
Gulf

ദുബൈയിൽ സ്വകാര്യ സ്കൂളുകൾക്ക് ബിരുദദാന ചടങ്ങുകൾ നടത്താൻ അനുമതി

Web Desk
|
27 May 2021 1:16 AM GMT

ദുബൈയിലെ വിദ്യാഭ്യാസ വകുപ്പായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്‍റേ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്

ദുബൈയിൽ സ്വകാര്യ സ്കൂളുകൾക്ക് ബിരുദദാന ചടങ്ങുകൾ നടത്താൻ അനുമതി. ദുബൈയിലെ വിദ്യാഭ്യാസ വകുപ്പായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്‍റേ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയവരുടെ ചടങ്ങുകൾക്കാണ് അനുമതി.

സ്കൂളുകളുടെ പ്രവർത്തനം സജീവമാകുന്നതിന്‍റെ സൂചനയെന്ന നിലക്കാണ് പുതിയ അനുമതി വിലയിരുത്തപ്പെടുന്നത്. സുരക്ഷിതമായി ചടങ്ങുകൾ നടത്താം എന്നുറപ്പുള്ള സ്കൂളുകൾക്ക് മാത്രമാണ് അനുമതി നൽകുന്നത്. സ്കൂൾ കാമ്പസിനുള്ളിലോ പുറത്തെ വേദികളിലോ പരിപാടികൾ സംഘടിപ്പിക്കാം. കഴിഞ്ഞ വർഷം സ്കൂളുകളിലെ ബിരുദദാന ചടങ്ങുകൾ വെർച്വൽ പ്ലാറ്റ്ഫോമിലായിരുന്നു നടത്തിയിരുന്നത്. ആഘോഷപരിപാടികളിൽ വാക്സിനെടുത്തവർക്ക് മാത്രമേ അനുമതി നൽകൂ എന്ന് അധികൃതർ അറിയിച്ചിരുന്നു. ബിരുദദാന ചടങ്ങുകൾക്കും ഈ നിബന്ധന ബാധകമായിരിക്കുമെന്നാണ് കരുതുന്നത്.

യു.എ.ഇയിലെ സ്കൂളുകളിൽ ഭൂരിപക്ഷവും ക്ലാസ് മുറികളിലെ പഠനം തുടങ്ങിയിട്ടുണ്ട്. എന്നാൽ, പലയിടത്തും കുട്ടികൾ കുറവാണ്. രക്ഷിതാക്കൾ ഓൺലൈൻ പഠനമാണ് കൂടുതലും തെരഞ്ഞെടുത്തത്. ഇത് മറികടക്കാൻ വാക്സിൻ കാമ്പയിൻ നടത്താനുള്ള ഒരുക്കത്തിലാണ് സ്കൂളുകൾ. 12 വയസിന് മുകളിലുള്ള കുട്ടികൾ ഫൈസർ ബയോടെക് വാക്സിൻ നൽകാൻ അനുമതി ലഭിച്ചതോടെയാണ് വാക്സിനേഷൻ ഡ്രൈവ് സജീവമാക്കിയത്. ചില സ്കൂളുകൾ ഇതിനായി ഹോട്ടലുകൾ ബുക്ക് ചെയ്തു.

ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് വാക്സിനേഷൻ നടപ്പാക്കാൻ നീക്കം നടത്തുകയാണ് സ്കൂളുകൾ. വിദ്യാർഥികൾക്കും ജീവനക്കാർക്കും പൂർണമായും വാക്സിൻ നൽകി സ്കൂളുകൾ 100 ശതമാനം ശേഷിയോടെ തുറന്നു പ്രവർത്തിപ്പിക്കാമെന്ന ധാരണയിലാണ് മാനേജ്മെന്‍റുകള്‍.



Similar Posts