യാത്രാവിലക്കിന് ശേഷം ആദ്യ സ്വകാര്യവിമാനം; 40 ലക്ഷം ചെലവിൽ കൊച്ചിയിൽ നിന്ന് 13 യാത്രക്കാർ
|പാലക്കാട് സ്വദേശിയായ വ്യവസായി പി ഡി ശ്യാമളനും കുടുംബവും ജീവനക്കാരുമാണ് ദുബൈയിലെത്തിയത്
യാത്രാവിലക്ക് നിലവിൽ വന്ന ശേഷം കേരളത്തിൽ നിന്നുള്ള ആദ്യ സ്വകാര്യ വിമാനം യു എ ഇയിലെത്തി. പാലക്കാട് സ്വദേശിയായ വ്യവസായി പി ഡി ശ്യാമളനും കുടുംബവും ജീവനക്കാരുമാണ് കൊച്ചിയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ദുബൈ അൽമക്തൂം വിമാനത്താവളത്തിൽ എത്തിയത്. 40 ലക്ഷത്തോളം രൂപയാണ് യാത്രാചെലവ്. യാത്രാ വിലക്കുണ്ടെങ്കിലും ഇന്ത്യക്കാർക്ക് സ്വകാര്യവിമാനങ്ങളിൽ യു.എ.ഇയിൽ എത്താൻ തടസമില്ല. ദുബൈ സിവിൽ ഏവിയേഷെൻറയും ഇന്ത്യൻ അധികൃതരുടെയും അനുമതി വേണമെന്ന് മാത്രം. ഈ സൗകര്യം ഉപയോഗിച്ചാണ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് 13 പേർ ദുബൈയിലേക്ക് പുറപ്പെട്ടത്. :വിലക്ക് നിലവിൽ വരുന്നതിന് മുമ്പ് മകളുടെ വിവാഹത്തിനായാണ് പിഡി ശ്യാമളനും കുടുംബവും ജീവനക്കാരും നാട്ടിലെത്തിയത്. ഏപ്രിൽ 25ന് മടങ്ങിവരാനായിരുന്നു പദ്ധതി. എന്നാൽ, ഇതിന് തൊട്ടുമുമ്പ് യാത്രാ വിലക്ക് നിലവിൽ വന്നു. യു.എ.ഇ കേന്ദ്രീകരിച്ചുള്ള ബിസിനസായതിനാൽ മടങ്ങിയെത്തേണ്ട അത്യാവശ്യങ്ങളുണ്ടായിരുന്നു. ശ്യാമളൻ, ഭാര്യ, കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ മകൾ അഞ്ജു, മരുമകൻ ശിവ പ്രസാദ്, മാതാപിതാക്കൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിവർ യാത്രക്കാരായുണ്ടായിരുന്നു. നാട്ടിൽ നിന്ന് കോവിഡ് ടെസ്റ്റ് യു എ ഇയിൽ പത്തുദിവസത്തെ ഹോം ക്വാറന്റയിൻ തുടങ്ങിയ നിബന്ധനകൾ ഇവർ പാലിക്കണം. കൂടുതൽ സ്വകാര്യ വിമാനങ്ങൾ അടുത്തദിവസങ്ങളിൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലെത്തുമെന്ന് ട്രാവൽരംഗത്ത് പ്രവർത്തിക്കുന്ന അഫി അഹമ്മദ് ചൂണ്ടിക്കാട്ടി.