ഒമാനിൽ മെയ് ഏട്ടുമുതൽ കർഫ്യൂ സമയം നീട്ടി
|പകൽ സമയത്തും വാണിജ്യ സ്ഥാപനങ്ങൾക്ക് സമ്പൂർണ നിരോധനം.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മെയ് 8 മുതൽ മെയ് 15വരെ വാണിജ്യ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവെക്കാനും കർഫ്യൂ സമയം വൈകുന്നേരം ഏഴുമുതൽ രാവിലെ നാലുവരെയാക്കാനും സുപ്രീംകമ്മിറ്റി തീരുമാനിച്ചു. ആവശ്യ വസ്തുക്കളൊഴികെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും നിരോധിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഭക്ഷ്യകടകൾ, എണ്ണ പമ്പുകൾ, ആരോഗ്യ ക്ലിനികുകളും ആശുപത്രികളും, ഫാർമസികൾ, ഹോം ഡെലിവറി സേവനങ്ങൾ എന്നിവയെയാണ് നിരോധത്തിൽ നിന്ന് ഒഴിവാക്കിയത്. ഇൗദുൽ ഫിത്വർ കടന്നു വരുന്ന ആഴ്ചയലിലാണ് ശക്തമായ നിയന്ത്രണം സർക്കാർ പ്രഖ്യപിച്ചിരിക്കുന്നത്. മെയ് 11മുതൽ മൂന്നുദിവസം ജീവനക്കാർ തൊഴിലിടങ്ങളിൽ വരേണ്ടതില്ലെന്നും സർക്കാർ സ്ഥാപനങ്ങളിൽ വിദൂര തൊഴിൽ സംവിധാനം നടപ്പിലാക്കാനും ഉത്തവിലുണ്ട്. സ്വകാര്യ സ്ഥാപനങ്ങളോടും ഇൗ ദിവസങ്ങളിൽ േജാലി സ്ഥലങ്ങളിലേക്ക് വരേണ്ട തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്.
ഈദുൽ ഫിത്വറിന് പെരുന്നാൾ നമസ്കാരവും പരമ്പരാഗത ഈദ് വിപണികളും നടത്തേണ്ടതില്ലെന്നും ബീച്ചുകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവയുൾപ്പെടെ വിവിധയിടങ്ങളിൽ ഒത്തുചേരുന്നത് നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബങ്ങളുടെ കൂടിച്ചേരലിനും കൂട്ടായുള്ള ആഘോഷ പരിപാടികൾക്കും നിയന്ത്രണം ബാധകമാണ്.
നിലവിൽ രാത്രി ഒമ്പതു മുതൽ രാവിലെ നാലു വരെയാണ് കർഫ്യൂ നിലവിലുള്ളത്. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷ സീസണായ പെരുന്നാൾ സന്ദർഭത്തിൽ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യങ്ങളെ തടയാനുദ്ദേശിച്ചാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.