ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 'മാംഗോ മാനിയ'
|യു.എ.ഇയിലുടനീളമുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ജൂൺ 12ന് വരെ മേള നീണ്ടുനിൽക്കും
മാമ്പഴങ്ങളുടെ ആഗോള സംഗമത്തിന് ലുലുവിൽ തുടക്കം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും മാമ്പഴ ഉൽപന്നങ്ങളും അണിനിരത്തിയാണ് 'മാംഗോ മാനിയ' എന്ന പേരിൽ മേള. യു.എ.ഇയിലുടനീളമുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ജൂൺ 12ന് വരെ മേള നീണ്ടുനിൽക്കും.
ദുബൈ സിലിക്കൺ സെൻട്രൽ മാളിൽ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം സന്നിഹിതനായിരുന്നു. അബൂദബി അൽ വഹ്ദ മാളിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ അബൂബക്കർ ടി.പിയുടെ സാന്നിധ്യത്തിൽ മാംഗോ മാനിയ ഉദ്‌ഘാടനം ചെയ്തു.
ഇന്ത്യ, പാകിസ്താൻ, യെമൻ, തായ്‌ലൻഡ്, സ്‌പെയിൻ, വിയറ്റ്നാം, ശ്രീലങ്ക, ഇന്തോനേഷ്യ, കൊളംബിയ, ബ്രസീൽ, മെക്സിക്കോ, കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 50 വ്യത്യസ്തയിനം മാങ്ങകളാണ് മേളയിൽ എത്തിച്ചിരിക്കുന്നത്. ജൂൺ 12 വരെ നടക്കുന്ന മേളയിൽ വിവിധയിനങ്ങൾ മികച്ച വിലയിൽ ലഭ്യമാണ്. ഇന്ത്യയിൽ നിന്നുള്ള അൽഫോൻസോ, ഹിമപസന്ത്, നീലം, ബദാമി എന്നിവയും ലഭ്യമാണ്. ഉപഭോക്താക്കളിൽ നിന്നും വലിയ പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ലുലു സോഴ്‌സിങ് കേന്ദ്രങ്ങൾ ഉൽപന്നങ്ങളുടെ ലഭ്യതയുറപ്പാക്കുന്നതിൽ നിർണായകമായതായും അദ്ദേഹം പറഞ്ഞു.