ഇന്ത്യയിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം
|സൗദിയിലെ തവക്കൽനാ ആപ്പിൽ വാക്‌സിനേഷൻ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണിത്.
ഇന്ത്യയിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വാക്‌സിനേഷൻ വിവരങ്ങൾ തവക്കൽനാ ആപ്പിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് രജിസ്ട്രേഷൻ.
വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സൗദി എംബസി അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും വ്യക്തമാക്കി. സൗദിക്ക് പുറത്ത് നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
സൗദിയിലെ തവക്കൽനാ ആപ്പിൽ വാക്‌സിനേഷൻ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണിത്. ഇതനുസരിച്ച് ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചെങ്കിലും, പലരുടേയും രജിസ്‌ട്രേഷൻ നിരാകരിച്ചതായ സന്ദേശമാണ് ലഭിച്ചത്,
ഇന്ത്യയിൽ നിന്നുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സൗദി എംബസി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന കാരണത്താലായിരുന്നു ഇത്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ ഔദ്യോഗിക കോവിൻ ആപ്പ് വഴി ഡൗൺലോഡ് ചെയ്തതാണെന്നും, സർട്ടിഫിക്കറ്റിലെ ക്വ്യൂ-ആർ കോഡ് വഴി ഇതിന്റെ സുതാര്യത പരിശോധിക്കാവുന്നതാണെന്നും സൗദി ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൃത്തങ്ങൾ മീഡിയവണ്ണിനോട് പറഞ്ഞു.
അതിനാൽ ഇനിമുതൽ സർട്ടിഫിക്കറ്റുകൾ സൗദി എംബസി സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കോൺസുലേറ്റ് വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ ഇതിനോടകം തന്നെ ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്‌സിനെടുത്ത് സൗദിയിലെത്തിയവർ, തവക്കൽനാ ആപ്പിൽ ഉൾപ്പെടുത്തുന്നതിനായി വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസിയും അറിയിച്ചു.
https://eservices.moh.gov.sa/CoronaVaccineRegistration എന്ന സൈറ്റിലാണ് സൗദിയിലെത്തിയവരും, സൗദിയിലേക്ക് വരാനിരിക്കുന്നവരും രജിസ്റ്റർ ചെയ്യേണ്ടത്. ഒരു എംബിയിൽ കൂടാത്ത പി.ഡി.എഫ് ഫോർമാറ്റിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റും പാസ്‌പോർട്ട് കോപ്പിയും അറ്റാച്ച് ചെയ്യണം. രജിസ്റ്റർ ചെയ്ത ശേഷം അഞ്ച് പ്രവർത്തി ദിവസങ്ങൾക്കുള്ളിലാണ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുക.