Gulf
അന്താരാഷ്ട്ര സര്‍വീസ് മേഖലയിലെ സഹകരണം വിപുലീകരിക്കാന്‍ ഖത്തര്‍- ഒമാന്‍ എയര്‍വേയ്സുകള്‍ തമ്മില്‍ ധാരണ
Gulf

അന്താരാഷ്ട്ര സര്‍വീസ് മേഖലയിലെ സഹകരണം വിപുലീകരിക്കാന്‍ ഖത്തര്‍- ഒമാന്‍ എയര്‍വേയ്സുകള്‍ തമ്മില്‍ ധാരണ

Web Desk
|
2 Jun 2021 2:04 AM GMT

ഇതനുസരിച്ച് കൂടുതല്‍ മേഖലകളിലേക്ക് ഇരു വിമാനക്കമ്പനികളുടെയും യാത്രക്കാര്‍ക്ക് സൌകര്യപ്രദമായ യാത്രാ ഓപ്ഷനുകള്‍ ലഭ്യമാകും

അന്താരാഷ്ട്ര സര്‍വീസ് മേഖലയില്‍ തന്ത്രപരമായ സഹകരണം വിപുലീകരിക്കാന്‍ ഖത്തര്‍ എയര്‍വേയ്സും ഒമാന്‍ എയര്‍വേയ്സും തമ്മില്‍ ധാരണ. ഇതനുസരിച്ച് കൂടുതല്‍ മേഖലകളിലേക്ക് ഇരു വിമാനക്കമ്പനികളുടെയും യാത്രക്കാര്‍ക്ക് സൌകര്യപ്രദമായ യാത്രാ ഓപ്ഷനുകള്‍ ലഭ്യമാകും.

ഖത്തര്‍ എയര്‍വേയ്സും ഒമാന്‍ എയര്‍വേയ്സും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച സഹകരണ കരാര്‍ വിപുലീകരിക്കാനാണ് പുതിയ ധാരണ. ഇതനുസരിച്ച് ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് നടത്തുന്ന 80 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒമാന്‍ എയര്‍വേയ്സുമായി കോഡ് ഷെയര്‍ പങ്കാളിത്തമുണ്ടാകും. യാത്രാ ബുദ്ധിമുട്ടുകള്‍, സൌകര്യങ്ങള്‍ എന്നിവ പരിഗണിച്ച് യാത്രക്കാര്‍ക്ക് രണ്ട് കമ്പനികളിലുമായി ടിക്കറ്റ് മാറ്റാവുന്ന സൌകര്യമാണ് കോഡ് ഷെയര്‍. ഇതോടെ ഒമാന്‍ എയര്‍ യാത്രക്കാര്‍ക്ക് മിഡിലീസ്റ്റിലെ മികച്ച വിമാനത്താവളങ്ങള്‍ വഴി പതിനാറ് പുതിയ റൂട്ടുകളിലേക്ക് തടസ്സമില്ലാത്ത കണക്ഷന്‍ സര്‍വീസുകള്‍ നടത്താന്‍ കഴിയും. തുര്‍ക്കിയില്‍ അങ്കാറ, ഇസ്താംബൂള്‍ ഉള്‍പ്പെടെ ആറിടങ്ങള്‍, ജര്‍മ്മനിയിലെ ബെര്‍ലിന്‍ മ്യൂണിച്ച്, സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ച്, യുഎസില്‍ അറ്റ്ലാന്‍റ, സിയാറ്റ് തുടങ്ങി പതിനാറ് ഇടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് കൂടിയാണ് ഖത്തര്‍ എയര്‍വേയ്സ് ഒമാന്‍ എയറുമായി കോഡ് ഷെയര്‍ പങ്കാളിത്തമുണ്ടാകുക.

20 വർഷമായി ഒമാൻ എയറുമായി തുടരുന്ന വാണിജ്യ സഹകരണം കൂടുതല്‍ വിപുലമാക്കുന്നതിലൂടെ ഒമാനിലും ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാന്‍ സാധിക്കുന്നത് സന്തോഷകരമാണെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് എച്ച്ഇ അക്ബർ അൽ ബേക്കർ പറഞ്ഞു: ഈ വര്‍ഷം ജൂലൈ അവസാനത്തോടെ പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തി സര്‍വീസ് ശ്രൃഖല വിപുലമാക്കാന്‍ ഖത്തര്‍ എയര്‍വേയ്സിന് പദ്ധതിയുണ്ട് . നിലവിൽ വിവിധ ലോകരാജ്യങ്ങളിലെ 130 സ്ഥലങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്സിന് സര്‍വീസുള്ളത്.



Similar Posts