നയതന്ത്ര ഉഭയകക്ഷി സഹകരണം ശക്തമാക്കാന്‍ ഖത്തറും ഈജിപ്തും തമ്മില്‍ ധാരണ
|ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഈജിപ്തിലെത്തിയ ഖത്തര്‍ വിദേശകാര്യമന്ത്രി ഈജിപ്ത് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
നയതന്ത്ര ഉഭയകക്ഷി സഹകരണം ശക്തമാക്കാന്‍ ഖത്തറും ഈജിപ്തും തമ്മില്‍ ധാരണ. ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഈജിപ്തിലെത്തിയ ഖത്തര്‍ വിദേശകാര്യമന്ത്രി ഈജിപ്ത് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ഉപരോധം അവസാനിച്ച അല്‍ ഉലാ ഉച്ചകോടിക്ക് ശേഷം ഇതാദ്യമായാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ഈജിപ്തിലെത്തുന്നത്. കെയ്റോയില്‍ വിമാനമിറങ്ങിയ ശൈഖ് മുഹമ്മദ് ബിന്‍ അബ്ധുറഹ്മാന്‍ അല്‍ത്താനിക്ക് ഊഷ്മളമായ സ്വീകരണമാണ് ഈജിപ്ത് ഭരണകൂടം ഒരുക്കിയത്. തുടര്‍ന്ന് ഈജിപ്ത് വിദേശകാര്യമന്ത്രി സമേ ഷോക്രിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. അല്‍ ഉലാ ഉടമ്പടിയനുസരിച്ചുള്ള തീരുമാനങ്ങളുടെ പുരോഗതികള്‍ ഇരുവരും വിലയിരുത്തി. ഇരുരാജ്യങ്ങളിലുമായി സാമ്പത്തിക നിക്ഷേപമേഖലകളില്‍ സഹകരണം ശക്തമാക്കാനും നയതന്ത്ര ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാനും തീരുമാനമായി.
പശ്ചിമേഷ്യന്‍ രാഷ്ട്രീയ വിഷയങ്ങളും പ്രത്യേകിച്ച ഗസ്സയിലെ ഏറ്റവും ഒടുവിലത്തെ സ്ഥിതിഗതികളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കുന്നതിനായി ഈജിപ്ത് നടത്തിയ നീക്കങ്ങള്‍ക്ക് ഖത്തര്‍ വിദേശകാര്യമന്ത്രി നന്ദിയര്‍പ്പിച്ചു.