സൗദിയിൽ പെരുന്നാൾ ദിവസം ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം
|പ്രതിദിന കോവിഡ് കേസുകളിൽ വർധന തുടരുകയാണെങ്കിലും, ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സൗദിയിൽ പെരുന്നാൾ ദിവസം ലോക് ഡൗൺ ഏർപ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് കേസുകളിൽ വർധന തുടരുകയാണെങ്കിലും, ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യം സ്വീകരിച്ച് വരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നുണ്ട്. അതിനാൽ റമദാനിലോ പെരുന്നാൾ ദിവസങ്ങളിലോ ലോക്ഡൗൺ ഏർപ്പെടുത്താനുള്ള നീക്കമില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആൽ പറഞ്ഞു.
വാക്‌സിനേഷൻ പദ്ധതി പൂർത്തിയാകുന്നതോടെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യം മുക്തമാകും. അതിന് എല്ലാവരും വാക്‌സിൻ സ്വീകരിക്കുവാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 17ന് ആരംഭിച്ച വാക്‌സിനേഷൻ പദ്ധതിയിലൂടെ 91 ലക്ഷത്തിലധികം ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 18ന് ആരംഭിച്ച രണ്ടാം ഘട്ട വാക്‌സിനേഷൻ പദ്ധതി വഴി വളരെയധികം ആളുകളിലേക്ക് വാക്‌സിൻ വിതരണം ചെയ്തു. മദീനയിൽ വാക്‌സിൻ സെന്ററുകളുടെ എണ്ണം ആറായി ഉയർത്തി. യാമ്പുവിലും പുതിയ വാക്‌സിൻ കേന്ദ്രം ഉടൻ പ്രവർത്തനമാരംഭിക്കും. ഇന്ന് 1056 പുതിയ കേസുകളും, 1071 രോഗമുക്തിയും 11 മരണവുമാണ് സ്ഥിരീകരിച്ചത്. ഇതുൾപ്പെടെ 4,17,363 പേർക്ക് സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചു. അതേ സമയം രാജ്യത്ത് കോവിഡ് മുക്തമായവരുടെ എണ്ണം 4,00,580 ആയി ഉയർന്നിട്ടുണ്ട്. 6,957 പേർക്ക് ഇത് വരെ ജീവൻ നഷ്ടമായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.