Gulf
Gulf

വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ക്കൊരുങ്ങി സൗദി; അധ്യയന വര്‍ഷം മൂന്ന് സെമസ്റ്ററുകളാക്കി തിരിച്ചു

VM Afthabu Rahman
|
27 May 2021 1:28 AM GMT

ഓരോ ടേമിലും പതിമൂന്ന് ആഴ്ച അടങ്ങുന്ന പ്രവര്‍ത്തി ദിനങ്ങള്‍ ഉണ്ടാകും

രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ക്കൊരുങ്ങി സൗദി മന്ത്രാലയം. പുതിയ അധ്യയന വര്‍ഷം മുതല്‍ മൂന്ന് ടേമുകളായാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. ഓരോ ടേമിലും പതിമൂന്ന് ആഴ്ച അടങ്ങുന്ന പ്രവര്‍ത്തി ദിനങ്ങള്‍ ഉണ്ടാകും. സിലബസിലും കാതലായ മാറ്റങ്ങള്‍ വരുത്തും.

സൗദി വിദ്യഭ്യാസ മന്ത്രി ഡോ ഹമദ് ബിന്‍ മുഹമ്മദ് ആലുശൈഖാണ് പുതിയ പ്രഖ്യാപനം നടത്തിയത്. അടുത്ത അധ്യാന വര്‍ഷം മുതല്‍ സെമസ്റ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കും. നിലവിലെ രണ്ട് സെമസ്റ്റര്‍ മൂന്നായി ഉയര്‍ത്താനാണ് തീരുമാനം. ഓരോ ടേമും പതിമൂന്ന് ആഴ്ചകള്‍ അടങ്ങുന്നതായിരിക്കും. ടേം അവസാനിക്കുമ്പോള്‍ ഒരാഴ്ച വീതം അവധിയും അനുവദിക്കും. ഒപ്പം പാഠ്യ വിഷയങ്ങളിലും കാതലായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു. പാഠ്യ പദ്ധതി പരിഷ്‌കരിച്ച് പ്രവര്‍ത്തി ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതായിരിക്കും പുതിയ മാറ്റങ്ങളുടെ പ്രധാന സവിശേഷത. ആഗോള തലത്തിലെ സ്‌കൂള്‍ പഠനങ്ങളുമായും രീതികളുമായും താരതമ്യപ്പെടുന്നതും, മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നതുമായ മാര്‍ഗങ്ങള്‍ പുതിയ സ്‌കൂള്‍ സംവിധാനത്തില്‍ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

എന്നാല്‍ കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ടിരിക്കുന്ന സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷത്തിന്‍റെ തുടക്കത്തിലും ആരംഭിക്കാനിടിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യ സെമസ്റ്റര്‍ നിലവില്‍ തുടരുന്ന ഓണ്‍ലൈന്‍ സംവിധാനം വഴിയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രാലയം അറിയിച്ചു.


Similar Posts