Gulf
സൗദിയില്‍ അന്താരാഷ്ട്ര സ്‌കൂളുകളിലെ സ്വദേശിവൽക്കരണം; പ്രവർത്തനച്ചിലവ് കൂടും; ഫീസ് വർധനയ്ക്കും സാധ്യത
Gulf

സൗദിയില്‍ അന്താരാഷ്ട്ര സ്‌കൂളുകളിലെ സ്വദേശിവൽക്കരണം; പ്രവർത്തനച്ചിലവ് കൂടും; ഫീസ് വർധനയ്ക്കും സാധ്യത

Web Desk
|
9 May 2021 10:32 AM GMT

നിശ്ചിത അധ്യാപക തസ്തികകൾ സ്വദേശിവൽക്കരിച്ചുകൊണ്ടുള്ള മന്ത്രാലയത്തിന്റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്

സൗദിയിൽ പ്രഖ്യാപിച്ച സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളിലെ സ്വദേശിവൽക്കരണം മാനവ വിഭവശേഷി മന്ത്രാലയം നടത്തിവന്ന പഠനങ്ങൾക്കൊടുവിലെന്ന് റിപ്പോർട്ട്. നിശ്ചിത അധ്യാപക തസ്തികകളിൽ സ്വദേശികളെ നിയമിക്കാനാണ് മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. തീരുമാനം സ്‌കൂളുകളുടെ പ്രവർത്തനച്ചിലവ് ഉയരുന്നതിനും ഫീസ് വർധനവ് ഉൾപ്പെടെയുള്ള നടപടികൾ ഏർപ്പെടുത്തുന്നതിനും ഇടയാക്കും.

രാജ്യത്തെ സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളിലെ നിശ്ചിത തസ്തികകൾ സ്വദേശിവൽക്കരിച്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനിയർ അഹമ്മദ് അൽ റാജിയാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. മന്ത്രാലയം നടത്തിവന്ന പഠനങ്ങൾക്കൊടുവിലാണ് തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോർട്ട്.

ഇതോടെ സ്‌കൂളുകളിലെ നിശ്ചിത എണ്ണം അധ്യാപക തസ്തികകളിൽ സ്വദേശികളെ നിയമിക്കേണ്ടത് നിർബന്ധമായി മാറും. ഇത്തരത്തിൽ നിയമിക്കപ്പെടുന്ന അധ്യാപകർക്ക് ജനറൽ സോഷ്യൽ ഇൻഷൂറൻസ് അഥവ ഗോസി നിർദേശിക്കുന്ന വേതനവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്തേണ്ടതും സ്‌കൂളുകളുടെ ബാധ്യതയാകും. നിലവിൽ ഗോസി വേതന ചട്ടമനുസരിച്ച് ബിരുദധാരിയായ സ്വദേശി അധ്യാപകന്റെ കുറഞ്ഞ വേതനം 5,000 റിയാലാണ്. ഇത് ഉദ്യോഗാർഥിയുടെ തൊഴിൽ പരിചയത്തിനനുസരിച്ച് വർധിക്കുകയും ചെയ്യും.

എന്നാൽ രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകൾ അധികവും താൽക്കാലിക അധ്യാപക നിയമനങ്ങളിലൂടെയാണ് നിലവിൽ പ്രവർത്തിച്ചുവരുന്നത്. ആശ്രിത വിസയിലെത്തുന്ന പ്രൊഫഷണലുകളെ കുറഞ്ഞ വേതനത്തിന് നിയമിച്ചാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. പുതിയ നിർദേശം നടപ്പാക്കുന്നതോടെ ഈ ഇനത്തിലെ ചിലവ് വർധിക്കാനും അത് സ്‌കൂളുകളിലെ ഫീസ് വർധന ഉൾപ്പെടെയുള്ള അനുബന്ധ നടപടികൾ ഏർപ്പെടുത്തുന്നതിനും ഇടയാക്കും.

Similar Posts