Gulf
റമദാൻ അവസാനത്തെ പത്തില്‍: മക്കയും മദീനയും സജീവം
Gulf

റമദാൻ അവസാനത്തെ പത്തില്‍: മക്കയും മദീനയും സജീവം

Web Desk
|
4 May 2021 2:38 AM GMT

30 ലക്ഷത്തിലധികം പേർ ഉംറയും നമസ്‌കാരവും നിർവ്വഹിച്ചു.

റമദാൻ അവസാനത്തെ പത്തിലേക്ക് കടന്നതോടെ മക്കയിലും മദീനയിലും രാത്രി നമസ്‌കാരങ്ങൾ ആരംഭിച്ചു. ആയിരക്കണക്കിന് വിശ്വാസികളാണ് രാത്രി നമസ്കാരത്തിനായി ഇരുഹറമുകളിലുമെത്തുന്നത്. മസ്ജിദുൽ ഹറമിൽ റമദാനിൽ മാത്രമായി ഇത് വരെ 30 ലക്ഷത്തിലധികം പേർ ഉംറയും നമസ്കാരവും നിർവഹിച്ചു.

വിശുദ്ധ റമദാൻ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലെ മസ്ജിദുൽ ഹറമിലും, മദീനയിലെ മസ്ജിദുൽ നബവിയിലും കൂടുതൽ വിശ്വാസികൾ എത്തി തുടങ്ങി. റമദാനിലെ പ്രത്യേക രാത്രി നമസ്‌കാരമായ ഖിയാമുല്ലൈലിൽ പങ്കെടുക്കുന്നതിന് ഞായറാഴ്ച നിരവധി പേരാണ് മക്കയിലെ ഹറം പളളിയിലെത്തിയത്. മസ്ജിദുൽ ഹറമിലെ ആദ്യ ഖിയാമുല്ലൈൽ നമസ്‌കാരത്തിന് ഇരുഹറം കാര്യാലയം മേധാവി ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് നേതൃത്വം നൽകി.

മദീനയിലെ മസ്ജിദ് നബവിയിലും ആയിരക്കണക്കിന് പേർ നമസ്‌കാരത്തിൽ പങ്കെടുത്തു. പ്രവാചകന്‍റെ പള്ളിയിൽ അവസാനത്തെ പത്ത് ദിവസവും മുഴുസമയവും വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.

രാജ്യത്തെ മറ്റു പള്ളികളിലും രാത്രി ഖിയാമുല്ലൈൽ നമസ്‌കാരത്തിന് അനുമതിയുണ്ടെങ്കിലും കോവിഡ് പശ്ചാതലത്തിൽ കർശനമായ നിയന്ത്രണങ്ങളുണ്ട്. ഇശാ നമസ്‌കാരത്തിന് ശേഷം, തറാവീഹ് നമസ്‌കാരത്തോടൊപ്പം ഖിയാമുല്ലൈലും നമസ്‌കരിക്കണമെന്നാണ് ഇസ്ലാമിക കാര്യ മന്ത്രാലയം നിർദ്ദേശിക്കുന്നത്. നമസ്‌കാരം 30 മിനുട്ട് കൊണ്ട് അവസാനിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. റമദാനിലെ ആദ്യ ഇരുപത് ദിവസങ്ങളിൽ 30 ലക്ഷത്തിലധികം പേരാണ് ഉംറക്കും നമസ്‌കാരത്തിനുമായി മക്കയിലെ ഹറം പള്ളിയിലെത്തിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തി വെച്ചിരുന്ന ഉംറ തീർത്ഥാടനം പുനരാരംഭിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. അതിന് ശേഷം ഇതുവരെ 18 മില്യണിലധികം പേർ ഹറമിൽ ഉംറയും നമസ്‌കാരവും നിർവ്വഹിച്ചിട്ടുണ്ട്.



Similar Posts