കുട്ടികളിൽ കോവിഡ് വാക്സിൻ പരീക്ഷിക്കാനൊരുങ്ങി യു.എ.ഇ
|സിനോഫാം വാക്സിനായിരിക്കും ഇതിന് ഉപയോഗിക്കുക
യു.എ.ഇ യിൽ കുട്ടികളിൽ കോവിഡ് വാക്സിൻ പരീക്ഷിക്കാൻ ഒരുങ്ങുന്നു. മൂന്ന് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം. സിനോഫാം വാക്സിനായിരിക്കും ഇതിന് ഉപയോഗിക്കുക. അതിനിടെ, ഇന്ന് യു എ ഇയിൽ കോവിഡ് ബാധിച്ച് ഏഴ് പേർ മരിച്ചു. കഴിഞ്ഞദിവസങ്ങളിലെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്.
മൂന്ന് വയസ് മുതൽ 17 വയസ് വരെയുള്ളവരിൽ കോവിഡ് വാക്സിൻ പരീക്ഷിക്കുന്ന മീഡില്‍ ഈസ്റ്റിലെ ആദ്യ രാജ്യമാവുകയാണ് യു എ ഇ. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കുട്ടികളിലെ പരീക്ഷണമെന്ന് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. വിവിധ രാജ്യക്കാരായ 900 കുട്ടികളിലാണ് സിനോഫാം വാക്സിൻ പരീക്ഷിക്കുക.
ഈവർഷം അവസാനത്തോടെ മുഴുവൻ രാജ്യനിവാസികൾക്കും കോവിഡ് വാക്സിൻ നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കുട്ടികളിലും വാക്സിൻ പരീക്ഷിക്കുന്നത്. പഠനത്തിന്‍റെ എല്ലാഘട്ടങ്ങളിലും കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തും. ഇന്ത്യ ഉൾപ്പെടെ വാക്സിൻ ഉൽപാദക രാജ്യങ്ങളായ ചൈന, യു.എസ്.എ, യു.കെ എന്നിവിടങ്ങളിൽ മാസങ്ങളായി കുട്ടികൾക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് ക്ലിനിക്കൽ പരീക്ഷണം നടക്കുന്നുണ്ട്.
അതിനിടെ, കഴിഞ്ഞദിവസങ്ങളിലെ ഏറ്റവും ഉയർന്ന മരണനിരക്കാണ് യുഎഇയിൽ ഇന്ന് രേഖപ്പെടുത്തിയത്. ഏഴ് പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. ആകെ മരണസംഖ്യ 1717 ആയി. 2190 പുതിയ കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു.