വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം, പ്രവേശനവിലക്ക്, രാത്രികാല കര്‍ഫ്യൂ; കുവൈത്ത് മന്ത്രിസഭാ യോഗം ചേരും
|ഇന്ത്യ ഉൾപ്പെടെയുള്ള 35 രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ ജൂലായ് ഒന്നുമുതൽ പുനരാരംഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കുവൈത്തിൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ അടുത്തയാഴ്ച ചേരുന്ന മന്ത്രി സഭ യോഗം ചർച്ച ചെയ്യും. എല്ലാ കുവൈത്ത് പൗരന്മാരും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്താൽ മാത്രമേ വിമാനത്താവളത്തിന്‍റെ പ്രവർത്തനം പൂർവ സ്ഥിതിയിലാക്കൂ എന്ന് ഡി.ജി.സി.എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള 35 രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ ജൂലായ് ഒന്നുമുതൽ പുനരാരംഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയുള്‍പ്പെടെ 35 രാജ്യങ്ങളെ ഹൈ റിസ്ക് ഗണത്തിൽ ഉൾപ്പെടുത്തി ഈ രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള യാത്രക്കാർക്ക് കുവൈത്ത് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. അപ്രതീക്ഷിത നടപടി മൂലം മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികളാണ് കുവൈത്തിലേക്ക് മടങ്ങാനാകാതെ സ്വന്തം നാടുകളിൽ കുടുങ്ങിയത്.
അടുത്ത മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ. പെരുന്നാളിനോടനുബന്ധിച്ച്, നിലവിലെ രാത്രികാല കർഫ്യൂ പിൻവലിക്കുന്നത് സംബന്ധിച്ചും അടുത്ത കാബിനറ്റ് മീറ്റിങ്ങിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.