കോവിഡ് ചട്ടലംഘനം; സൗദിയിൽ ഒരാഴ്ചക്കിടെ കാൽ ലക്ഷത്തിലധികം കേസുകൾ
|രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരാഴ്ചക്കിടെ നടത്തിയ പരിശോധനയില്‍ ഇരുപത്തി എട്ടായിരത്തി എണ്ണൂറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയം
സൗദിയില്‍ കോവിഡ് ചട്ടലംഘനം നടത്തിയതിന് ഒരാഴ്ചക്കിടെ ഇരുപത്തി എട്ടായിരത്തി എണ്ണൂറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തലസ്ഥാന നഗരമായ റിയാദില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. രാജ്യത്ത് കോവിഡ് നിയമ ലംഘനങ്ങള്‍ തടയുന്നതിനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നതിനിടെയാണ് നടപടികള്‍ വീണ്ടും കടുപ്പിച്ചത്.
മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക കോവിഡ് പരിശോധന വിഭാഗവും മറ്റ് മന്ത്രാലയ വകുപ്പുകളും നടത്തിയ പരിശോധനകളിലാണ് നിയമ ലംഘനങ്ങള്‍ പിടികൂടിയത്. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി സ്വീകരിച്ചത്. മാസ്‌ക് ധരിക്കാതിരിക്കുക. ശരിയായ രീതിയിലല്ലാതെ മാസ് ധരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കൂട്ടം ചേരുക തുടങ്ങിയ ലംഘനങ്ങളാണ് പ്രധാനമായും പിടികൂടി നടപടിക്ക് വിധേയമാക്കിയത്.
റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയതത്. 9800 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. മക്കയില്‍ 5900വും കിഴക്കന്‍ പ്രവിശ്യയില്‍ 3300 കേസുകളും രജിസ്റ്റര്‍ ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.