വിദേശ തീർത്ഥാടകർക്കും ഉംറ ചെയ്യാൻ അനുവാദം; നിബന്ധനകളുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം
|ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇപ്പോൾ അനുമതി നൽകുന്നത്.
വിശുദ്ധ റമദാനിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ഉംറ ചെയ്യാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇപ്പോൾ അനുമതി നൽകുന്നത്. എന്നാൽ ഇവർ അവരവരുടെ രാജ്യങ്ങളിൽ വെച്ചുതന്നെ കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണം. കുത്തിവെപ്പെടുക്കാതെയെത്തുന്നവരെ ഉംറ ചെയ്യാൻ അനുവദിക്കാതെ തിരിച്ചയക്കുമെന്നും ഇവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം ഉംറ സർവ്വീസ് കമ്പനികൾക്കായിരിക്കുമെന്നും സൗദി ഹജ്ജ് ഉംറ സഹ മന്ത്രി അബ്ദുൽ ഫതാഹ് മഷാത്ത് അറിയിച്ചു.
അതത് രാജ്യങ്ങളിലെ സർക്കാരിന്റെയും സൗദി ആരോഗ്യമന്ത്രാലയത്തിന്റെയും അംഗീകാരമുള്ള കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകൾ തീർത്ഥാടകരുടെ കൈവശമുണ്ടെന്ന് ഉംറ സർവ്വീസ് കമ്പനികൾ ഉറപ്പുവരുത്തണം. ഇവർ ഉംറ നിർവ്വഹിക്കുന്നതിന് ആറുമണിക്കൂർ മുമ്പ് മക്കയിലെ ഇനായ സെന്ററിലെത്തി കോവിഡ് വാക്സിൻ സ്വീരിച്ചതായി സാക്ഷ്യപ്പെടേത്തേണ്ടതാണ്. ശേഷം തീര്ത്ഥാടകര്ക്ക് ഇലക്ട്രോണിക് വളകൾ വിതരണം ചെയ്യും. തുടര്ന്ന് ഷുബൈക്ക ഒത്തുചേരൽ കേന്ദ്രങ്ങളിലേക്ക് പോകാം.
തീർത്ഥാടകരെ സംബന്ധിച്ച വിവരങ്ങളും, ഉംറ പെർമിറ്റും പരിശോധിച്ച ശേഷം മാത്രമെ അനുവദിച്ചിരിക്കുന്ന സമയക്രമം പാലിച്ച് കൊണ്ട് ഉംറ ചെയ്യാനായി മസ്ജിദുൽ ഹറമിലേക്ക് പോകാവൂ. തവക്കൽനാ, ഇഅതമർനാ ആപ്പുകളിൽ ഏതെങ്കിലും ഒന്നിലൂടെ ഉംറ പെർമിറ്റെടുത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഉംറക്ക് എത്തേണ്ടത്. അതേസമയം, ഉംറ ബുക്കിംഗ് അനുവദിക്കുമെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.