Saudi Arabia
ഇന്ത്യയുമായുള്ള വെടിനിർത്തലിനെ അഭിനന്ദിച്ച് സൗദി: പിണക്കം മറന്ന് സൗദി അറേബ്യയും പാകിസ്താനും ഒന്നിച്ചു നീങ്ങും; ഫലസ്തീന് ഐക്യദാർഢ്യം
Saudi Arabia

ഇന്ത്യയുമായുള്ള വെടിനിർത്തലിനെ അഭിനന്ദിച്ച് സൗദി: പിണക്കം മറന്ന് സൗദി അറേബ്യയും പാകിസ്താനും ഒന്നിച്ചു നീങ്ങും; ഫലസ്തീന് ഐക്യദാർഢ്യം

വിഎം അഫ്‍താബു റഹ്‍മാൻ
|
8 May 2021 5:39 PM GMT

കശ്മീർ വിഷയത്തിൽ പാകിസ്താൻ വിദേശ കാര്യ മന്ത്രി നടത്തിയ പരാമർശം ബന്ധം നേരത്തെ വഷളാക്കിയിരുന്നു

വർഷത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പാക് പ്രധാനമന്ത്രിയുടെ സൗദി അറേബ്യാ സന്ദർശനത്തോടെ ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം ദൃഢമാക്കി. കഴിഞ്ഞ ദിവസമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ സൗദി അറേബ്യയിൽ എത്തുന്നത്. പ്രധാനമന്ത്രി പദത്തിൽ എത്തിയ ശേഷം ഏഴാം തവണയാണ് ഇമ്രാൻ സൗദിയിലെത്തുന്നത്. എന്നാൽ ഇത്തവണത്തെ സന്ദർശനങ്ങൾക്ക് ഏറെ പ്രത്യേകതയുണ്ടായിരുന്നു. സൗദിക്കെതിരെ പാക് വിദേശകാര്യ മന്ത്രി നടത്തിയ പരാർമശം വിവാദമായതിന് ശേഷം ബന്ധം ഊഷ്മളമാക്കിയാണ് ഇമ്രാൻ ഇത്തവണ മടങ്ങുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ശേഷം വിവിധ കരാറുകൾ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പു വെക്കുകയും ചെയ്തു. കശ്മീരിൽ വെടിനിർത്തലിന് സജ്ജമായ ഇന്ത്യയേയും പാക്സിനേയും സൗദി ഭരണാധികാരി അഭിനന്ദിച്ചു. സമാധാനവും സുസ്ഥിരതയും ഉണ്ടാകട്ടെയെന്നും കിരീടാവകാശി ആശംസിച്ചു. ഇതിനിടെ പുതിയ സന്ദർശനം പാകിസ്താന് പ്രത്യാശ നൽകുന്നുണ്ട്.


പാകിസ്താൻ്റെ വികസനത്തിന് എല്ലാ പിന്തുണയും സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ പാകിസ്താന് നൽകിയ ലോൺ സൗദി അറേബ്യ തിരികെ വാങ്ങിയിരുന്നു. 2018ലാണ് സൗദി അറേബ്യ പാകിസ്താന് 3.2 ബില്യൺ ഡോളർ സഹായം നൽകിയത്. പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ അധികാരത്തിലെത്തിയ ശേഷം സാന്പത്തിക പ്രതിസന്ധി കൂടി. ഇതിന് പിന്നാലെ സൗദിയിലെത്തിയപ്പോൾ പാകിസ്താന് സൗദി മറ്റൊരു മൂന്ന് ബില്യൺ ഡോളർ സഹായം നൽകി. ഇതിനിടെ കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി ഉടക്ക് ശക്തമായതോടെ പാക് വിദേശ കാര്യ മന്ത്രി പ്രസ്താവനയുമായി രംഗത്തെത്തി. കശ്മീരിൽ ഇന്ത്യ അനാവശ്യമായി ഇടപെടുകയാണ്. ഇതിനെതിരെ ഒഐസി രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള അടിയന്തിര യോഗം വിളിക്കണം. ഇല്ലെങ്കിൽ പാകിസ്താൻ വിളിച്ചു ചേർക്കുമെന്നായിരുന്നു പാക് വിദേശ കാര്യ മന്ത്രിയുടെ പ്രസ്താവന. ഇതാണ് വിവാദമായത്. ഇതോടെ വായ്പയായി നൽകിയ തുക കാലാവധി കഴിഞ്ഞതോടെ സൗദി തിരികെ ചോദിച്ചതായി പാക് മാധ്യമങ്ങളും റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനുമായി യുഎസ് നേരത്തെ ഉടക്കിയതോടെ ഇന്ത്യ സൗദിയിൽ നിന്നാണ് എണ്ണ ഇറക്കുമതി കൂടുതൽ നടത്തുന്നത്. ഇതിനാൽ തന്നെ ഇന്ത്യക്കെതിരെ പ്രത്യക്ഷമായ ഒരു നീക്കത്തിനും സൗദി അറേബ്യ മുതിരില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ പാകിസ്താനുമായുള്ള അകൽച്ച തുടർന്നു. ഇതിനിടെ പാക്-സൗദി അംബാസിഡർമാർ സംഭാഷണം നടത്തിയാണ് പുതിയ നീക്കമുണ്ടാക്കിയത്.



ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്ന പാകിസ്താന് പുതിയ സന്ദർശനം ഗുണമാകും. ഇരു രാജ്യങ്ങളും പുറത്തിറക്കിയ പ്രസ്താവന പ്രകാരം നിരവധി കരാറുകൾ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പു വെച്ചു. മയക്കുമരുന്ന് കടത്ത് തടയൽ, ഹൈഡ്രോ പവർ ഉത്പാദനം, ഊർജ മേഖലയിലെ സഹകരണം, കുറ്റകൃത്യം തടയൽ, തടവുകാരുടെ കൈമാറ്റം, അടിസ്ഥാന സൗകര്യ വിപുലീകരണം, ഗതാഗതം, വാർത്താ വിനിമയം എന്നീ മേഖലകളിലായി കരാറുകൾ ഒപ്പു വെച്ചു. വിവിധ പദ്ധതികളിൽ പാകിസ്താന് സൗദിയുടെ സഹായവും ഉറപ്പു നൽകി. പകരം സൗദിക്ക് വിവിധ വിഷയങ്ങളിൽ പാക് പിന്തുണയുണ്ടാകും.

ഇസ്ലാമിക രാജ്യങ്ങൾക്കിടയിലെ ഐക്യവും സഹകരണവും വർധിപ്പിക്കാനും പരസ്പര ബന്ധം ഊഷ്മളമാക്കാനും യോഗത്തിൽ ധാരണയായി. ജെറുസലേം ആസ്ഥാനമായുള്ള ഫലസ്തീൻ രാഷ്ട്രം പുനസ്ഥാപിക്കും വരെ ഫലസ്തീന് ഇരു രാജ്യങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇറാനുമായുള്ള സൗദി ബന്ധം വഷളായതോടെ ഇതിൽ പരിഹാരം കാണാനായി ഇമ്രാൻ ഖാൻ നേരത്തെ മധ്യസ്ഥ ശ്രമം നടത്തിയിരുന്നു.


Similar Posts