കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി സൗദി അറേബ്യ
|ഇന്ത്യയിൽ നിന്ന് കോവാക്‌സിൻ സ്വീകരിച്ചവരുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല
കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി സൗദി അറേബ്യ. ഇന്ത്യയിൽ വിതരണം ചെയ്ത് വരുന്ന കോവിഷീൽഡും സൗദിയിൽ അംഗീകരിച്ച ഓക്‌സ്‌ഫോർഡ് ആസ്ട്രസെനക്ക വാക്‌സിനും ഒന്നാണെന്ന് സൗദി അംഗീകരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത് സൗദിയിലേക്ക് വരുന്നവർ മുഖീം പോർട്ടലിലാണ് വാക്‌സിൻ സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടത്.
ഇനിമുതൽ ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത് വരുന്നവരുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കോവിഷീൽഡ് എന്ന് മാത്രമാണെങ്കിലും, സൗദിയിൽ അംഗീകരിക്കപ്പെടും. ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെയാണ് ഇത് സാധ്യമായത്. അതേസമയം ഇന്ത്യയിൽ നിന്ന് കോവാക്‌സിൻ സ്വീകരിച്ചവരുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇക്കാര്യത്തിൽ ചർച്ചകൾ നടന്ന് വരികയാണ്.
നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് മാത്രമേ സൗദിയിലെത്തിയാൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ ഇളവ് ലഭിക്കൂ. ഇവർ യാത്ര ആരംഭിക്കുന്നതിന് മുമ്പ്, നാട്ടിൽ വെച്ച് സ്വീകരിച്ച വാക്‌സിൻ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ മുഖീം പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. കൂടാതെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് യാത്രക്കാർ കൈവശം കരുതുകയും വേണം.
അതേസമയം സൗദിക്ക് പുറത്ത് വെച്ച് വാക്‌സിൻ സ്വീകരിക്കുന്നവരുടെ വാക്‌സിനേഷൻ വിവരങ്ങൾ തവക്കൽനാ ആപ്പിൽ എങ്ങിനെയാണ് അപ്‌ഡേറ്റ് ചെയ്യുക എന്നത് സംബന്ധിച്ച് ഇത് വരെ സൗദി അധികൃതരിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.