ആരോഗ്യ, ഗതാഗത, നിർമാണ മേഖലകളിൽ കൂടുതൽ സ്വകാര്യവത്കരണത്തിന് സൗദി
|വരാനിരിക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള പരിപാടിയിൽ സംസാരിക്കവേയാണ് സൗദി ധനകാര്യ മന്ത്രി പദ്ധതികൾ വിശദീകരിച്ചത്
ആരോഗ്യ, ഗതാഗത, നിർമാണ മേഖലകളിൽ കൂടുതൽ സ്വകാര്യവത്കരണത്തിന് സൗദി അറേബ്യ ശ്രമം തുടങ്ങി. വിമാനത്താവളങ്ങളിൽ ഇതിന്റെ ഭാഗമായി സ്വകാര്യവത്കരണം വേഗത്തിലാക്കും. വരാനിരിക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള പരിപാടിയിൽ സംസാരിക്കവേയാണ് സൗദി ധനകാര്യ മന്ത്രി പദ്ധതികൾ വിശദീകരിച്ചത്.
സ്വകാര്യ മേഖലയുടെ സഹകരണത്തോടെ വിവിധ മേഖലകളിൽ പുതിയ പദ്ധതികളാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള സർക്കാർ ഗതാഗത സംവിധാനങ്ങളിൽ സ്വകാര്യവത്കരണമുണ്ടാകും. സ്കൂൾ കെട്ടിടങ്ങൾ, കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകൾ, മലിനജല പ്ലാന്റുകൾ എന്നിവയിലും ഇതിനനുസരിച്ചുള്ള മാറ്റമുണ്ടാകും. വിമാനത്താവളങ്ങളിലാകും അതിവേഗത്തിൽ മാറ്റങ്ങൾ പ്രകടമാവുക.
ചെലവ് കുറക്കൽ, മികച്ച സേവനം, ഊർജ ഉപഭോഗം കുറക്കൽ, പരിസ്ഥിത സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയും സ്വാകാര്യ വത്കരണത്തിന്റെ ലക്ഷ്യമാണ്. രാജ്യത്ത് വിവിധ മേഖലകളിൽ നടപ്പാക്കിയ സ്വകാര്യ വത്കരണം ചെലവ് കുറക്കലിനടക്കം ഗുണം ചെയ്തെന്നാണ് ധനകാര്യ വകുപ്പിന്റെ അനുമാനം.