സൗദിയിലെ പള്ളികളിൽ ഉച്ചഭാഷിണി നിയന്ത്രണം: നിർദേശം പ്രാബല്യത്തിൽ
|ഉച്ചഭാഷിണികളുടെ പരമാവധി ശേഷിയുടെ മൂന്നിലൊന്ന് ശബ്ദം മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് പ്രധാന നിർദേശം
സൗദിയിലെ പള്ളികളിൽ ഉച്ചഭാഷിണിയുടെ ഉപയോഗം കുറക്കുന്നതിനുള്ള നിർദേശം പ്രാബല്യത്തിൽ വന്നതായി ഇസ്ലാമിക കാര്യ മന്ത്രാലയം. ഉച്ചഭാഷിണികളുടെ പരമാവധി ശേഷിയുടെ മൂന്നിലൊന്ന് ശബ്ദം മാത്രമേ ഉപയോഗിക്കാവൂ എന്നതായിരുന്നു പ്രധാന നിർദേശം. ഇതോടൊപ്പം ബാങ്കിനും ഇഖാമത്തിനും മാത്രമായി ഉച്ചഭാഷിണി പരിമിതപ്പെടുത്തണമെന്ന നിർദേശവും പ്രാബല്യത്തിലായി.
ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്ലാമിക കാര്യ മന്ത്രാലയമാണ് രാജ്യത്തെ പള്ളി ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നത്. പള്ളികളില്‍ ഉപയോഗിച്ചു വന്നിരുന്ന ശബ്ദ സംവിധാനത്തിന്റെ ഉപയോഗം മൂന്നിലൊന്നായി കുറക്കുന്നതിന് ലക്ഷ്യമിട്ടാണ് നിര്‍ദേശം നല്‍കിയത്. നിര്‍ദേശം രാജ്യത്തെ മുഴുവന്‍ പള്ളികളിലും നടപ്പിലായതായി മന്ത്രാലയം അറിയിച്ചു. പള്ളികളില്‍ നിന്നും പുറത്തേക്ക് കേള്‍ക്കുന്നതിന് സംവിധാനിച്ച ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്തണമെന്ന ഉത്തരവും നടപ്പിലായതായി മന്ത്രാലയത്തിന്റെ നിരീക്ഷണ സമിതി വ്യക്തമാക്കി.
വെള്ളിയാഴ്ച ജുമുഅ സമയത്തുള്ള പ്രഭാഷണം പള്ളിയിലെത്തുന്നവര്‍ക്ക് കേള്‍ക്കാന്‍ പാകത്തില്‍ മാത്രം സംവിധാനിക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഇതും പ്രാബല്യത്തിലായതായി മന്ത്രാലയം അറിയിച്ചു. ആരോഗ്യ പരിസ്ഥിതി മന്ത്രാലയങ്ങളുടെയും സമിതികളുടെയും പഠനത്തിന്റെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ശബ്ദ മലിനീകരണം കുറക്കുന്നതിന് ലക്ഷ്യമിട്ടാണ് ഇസ്ലാമിക കാര്യ മന്ത്രാലയം പുതിയ തീരുമാനം കൈകൊണ്ടത്.