നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് സൗദി
|യമന്‍ അതിര്‍ത്തി വഴി രാജ്യ സുരക്ഷയെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നുഴഞ്ഞു കയറ്റ ശ്രമം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.
സൗദിയിലേക്ക് നുഴഞ്ഞുകയറുന്നവരെ സഹായിക്കുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ചു. രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന നിയമ ലംഘകര്‍ക്ക് സഹായമൊരുക്കുന്നതും രാജ്യദ്രോഹമായി പരിഗണിക്കും. ഇത്തരക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുമെന്നും പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി. യമന്‍ അതിര്‍ത്തി വഴി രാജ്യ സുരക്ഷയെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നുഴഞ്ഞു കയറ്റ ശ്രമം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി കടുപ്പിച്ചത്.
രാജ്യത്ത് നുഴഞ്ഞുകയറുന്നവര്‍ക്കാവശ്യമായ യാത്രാ സൗകര്യം, താമസ സൗകര്യം എന്നിവ ഒരുക്കി നല്‍കുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കും. ഇവര്‍ക്ക് അഞ്ചുമുതല്‍ 15 വര്‍ഷംവരെ ജയില്‍ ശിക്ഷയും പത്തുലക്ഷം റിയാല്‍ വരെ പിഴയും ലഭ്യമാക്കും. ഇതിനുപുറമേ സഹായമൊരുക്കിയത് വിദേശിയാണെങ്കില്‍ അജീവനാന്ത വിലക്കോടുകൂടിയ നാടുകടത്തിലിനും വിധേയമാക്കും.
സഹായത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും താമസ സ്ഥലങ്ങളും കണ്ടുകെട്ടുന്നതിനും നിയമം നിഷ്കര്‍ഷിക്കുന്നതായി പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യത്തിന് പിടിക്കപ്പെട്ട് ശിക്ഷിക്കപ്പെടുന്നവരുടെ പേരു വിവരങ്ങളും ശിക്ഷയുടെ വിശദാംശങ്ങളും അവരുടെ തന്നെ ചിലവില്‍ പൊതുജനങ്ങള്‍ക്കു മുമ്പില്‍ പരസ്യപ്പെടുത്തുമെന്നും പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പു നല്കി.