നേപ്പാള്‍ എംബസിയില്‍ എന്‍.ഒ.സി വിതരണം പുനഃസ്ഥാപിച്ചു
|ഇരുനൂറോളം പേർ രാത്രി സൗദിയിലേക്ക് യാത്ര തിരിച്ചു.
സൗദി യാത്രക്കാർക്ക് നേപ്പാൾ എംബസിയിൽ നിന്നും എൻ.ഒ.സി വിതരണം ചെയ്യുന്നത് പുനഃസ്ഥാപിച്ചു. രാത്രി വിമാനത്തിലെ യാത്രക്കാർക്ക് എംബസിയിൽ നിന്ന് നേരിട്ട് എൻ.ഒ.സി നൽകി. ഇതോടെ ഇരുനൂറോളം പേർ രാത്രി സൗദിയിലേക്ക് യാത്ര തിരിച്ചു.
ഓൺലൈൻ വഴി മുൻകൂട്ടി അപ്പോയ്ന്‍മെന്‍റ് നൽകുന്ന സംവിധാനം ഏർപ്പെടുത്തിയതോടെയാണ് സൗദി യാത്രക്കാർ ദുരിതത്തിലായത്. ഇന്നലെ രാവിലെയുള്ള രണ്ട് വിമാനത്തിലെ യാത്രക്കാരുടെ യാത്ര മുടങ്ങുകയും ചെയ്തിരുന്നു.
ഇന്നത്തെ വിമാനത്തിലെ യാത്രക്കാർക്കും ഇന്നലെ എൻ.ഒ.സി നൽകി. ഓൺലൈൻ വഴി അപ്പോയ്ന്‍മെന്‍റ് നൽകുന്ന രീതിക്ക് പകരം എംബസിയിൽ വരുന്നവർക്കെല്ലാം അനുമതി നൽകുകയായിരുന്നു. നേരത്തെ ഇതേ രീതിയായിരുന്നു നിലനിന്നിരുന്നത്. കഴിഞ്ഞ ദിവസമാണ് എൻ.ഒ.സി അപേക്ഷ ഓൺലൈൻ വഴിയാക്കിയത്.
ഇന്നലെ യാത്ര മുടങ്ങിയവർ പുതിയ വിമാനടിക്കറ്റെടുത്തതിന് ശേഷം എൻ.ഒ.സിക്ക് വീണ്ടും അപേക്ഷ നൽകണം. മുപ്പതിനായിരം രൂപ മുതൽ അമ്പതിനായിരം രൂപ വരെയാണ് കാഠ്മണ്ഡുവിൽ നിന്ന് സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. സൗദിയിലേക്ക് നിലവിൽ നേരിട്ട് വിമാന സർവീസ് ഇല്ലാത്തതു കാരണമാണ് പ്രവാസികൾ നേപ്പാൾ വഴി യാത്ര ചെയ്യുന്നത്.