സൗദി എയർലൈന്‍സിന്റെ അന്താരാഷ്ട്ര സര്‍വീസുകള്‍ മെയില്‍ പുനരാരംഭിക്കും
|കോവിഡ് വ്യാപനം രൂക്ഷമായ 2020 മാര്‍ച്ചിലാണ് മുഴുവന്‍ സര്‍വീസുകളും നിര്‍ത്തി വെച്ചത്.
കോവിഡിനെ തുടര്‍ന്ന് സൗദിയുടെ ദേശീയ എയല്‍ലൈന്‍ കമ്പനിയായ സൗദിയ നിര്‍ത്തി വെച്ച അന്താരാഷ്ട്ര സര്‍വീസുകള്‍ അടുത്ത മാസം പതിനേഴു മുതല്‍ പുനരാരംഭിക്കുമെന്ന് സൗദി ഗതാഗത മന്ത്രി അറിയിച്ചു. സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള തയാറെടുപ്പുകള്‍ നടത്തി വരികയാണെന്നും ഗതാഗത മന്ത്രി സ്വാലിഹ് അല്‍ ജാസര്‍ വ്യക്തമാക്കി.
നിലവില്‍ മെയ് പതിനേഴു വരെയാണ് സൗദിയിലേക്കുള്ള പ്രവേശന വിലക്കുകള്‍ നീട്ടിയിട്ടുള്ളത്. മെയ് പതിനേഴിന് രാജ്യം സാധാരണ നിലയിലേക്ക് നീങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായ 2020 മാര്‍ച്ചിലാണ് സൗദി എയല്‍ലൈന്‍സ് മുഴുവന്‍ സര്‍വീസുകളും നിര്‍ത്തി വെച്ചത്. പിന്നീട് ഇളവുകള്‍ ലഭ്യമായതോടെ ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും അന്താരാഷ്ട്ര സര്‍വീസുകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ ഇന്ത്യയടക്കം കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന രാജ്യങ്ങളിലേക്ക് സര്‍വീസുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത കൈവരേണ്ടതുണ്ട്.