UAE
കോഴിക്കോട്ടുകാരനായ പ്രശാന്തിന്റെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി പാകിസ്താനിയായ അസര്‍
UAE

'കോഴിക്കോട്ടുകാരനായ പ്രശാന്തിന്റെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി പാകിസ്താനിയായ അസര്‍'

Web Desk
|
20 April 2021 11:58 AM GMT

മനുഷ്യർ തമ്മിലെ സ്നേഹബന്ധം ദേശത്തിനും മതത്തിനും ഭാഷയ്ക്കുമെല്ലാം അപ്പുറത്താണെന്ന് ​മനസ്സിലാക്കി തരുന്ന ചില നിമിഷങ്ങള്‍..

മനുഷ്യർ തമ്മിലുള്ള സ്നേഹബന്ധം ദേശത്തിനും മതത്തിനും ഭാഷയ്ക്കും വംശത്തിനുമെല്ലാം അപ്പുറത്താണെന്ന്​ മനസ്സിലാക്കി തരുന്ന ചില നിമിഷങ്ങളുണ്ട്. അത്തരമൊരു നിമിഷം പങ്കുവെയ്ക്കുകയാണ് യുഎഇയിലെ ജീവകാരുണ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി.

യുഎഇയില്‍ ഹൃദായാഘാതം വന്ന് മരിച്ച പ്രശാന്ത് എന്ന കോഴിക്കോട്ടുകാരനും അസര്‍ മഹമൂദ് എന്ന പാകിസ്താനിയും തമ്മിലെ സ്നേഹത്തെ കുറിച്ചാണ് അഷ്റഫ് താമരശ്ശേരി പറയുന്നത്. അസറിന് ഒരു തൊഴിലാളി മാത്രമായിരുന്നില്ല പ്രശാന്ത് സഹോദരനായിരുന്നു. എംബാമിംഗ് സെന്‍ററില്‍ പ്രശാന്തിന്‍റെ മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ വേണ്ടി പെട്ടിയിലെടുത്ത് വെക്കുമ്പോള്‍ അസര്‍ ഭായിയുടെ കണ്ണ് നിറഞ്ഞു. ദേശത്തിനും മതത്തിനും മുകളിലായിരുന്നു അവര്‍ തമ്മിലുളള സ്നേഹബന്ധമെന്നും അഷ്റഫ് താമരശ്ശേരി കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രശാന്ത്, പാകിസ്താനിയായ അസര്‍ ഭായിക്ക് ഒരു തൊഴിലാളി മാത്രമായിരുന്നില്ല, സ്വന്തം സഹോദരനായിരുന്നു. അത് ഞാന്‍ മനസ്സിലാക്കിയത് ഇന്നലെ എംബാമിംഗ് സെന്‍ററില്‍ പ്രശാന്തിന്‍റെ മൃതദേഹം നാട്ടിലേക്ക് അയക്കുവാന്‍ വേണ്ടി പെട്ടിയിലെടുത്ത് വെക്കുമ്പോള്‍ അസര്‍ ഭായിയുടെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു. ദേശത്തിനും മതത്തിനും മുകളിലായിരുന്നു അവര്‍ തമ്മിലുളള സ്നേഹബന്ധം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സാധാരണ തൊഴിലാളിയായിട്ടാണ് പ്രശാന്ത്, പാകിസ്തന്‍ സ്വദേശിയായ അസര്‍ മഹമൂദിന്‍റെ കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. അവിടെ നിന്നും അവസാന നിമിഷം വരെയും ഭായിയുടെ വിശ്വസ്തനായിരുന്നു. കഴിഞ്ഞയാഴ്ച നാട്ടിലേക്ക് പോയിട്ട് വരാന്‍ ഭായി നിര്‍ബന്ധിച്ചെങ്കിലും ഭായിയെ വിട്ട് പോകുവാന്‍ പ്രശാന്ത് തയ്യാറായിരുന്നില്ല. രണ്ട് ദിവസം മുമ്പ് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം പ്രശാന്ത് മരണപ്പെടുകയായിരുന്നു.

എംബാമിംഗ് സെന്‍ററില്‍ ഇരുന്ന് വിങ്ങിപ്പൊട്ടി കരയുന്ന ഭായിയെ കണ്ടപ്പോള്‍ ഇന്ന് ലോകത്ത് നമ്മള്‍ കാണുന്ന കാഴ്ചയുടെ രീതിയെ പറ്റി ചിന്തിച്ചുപോയി. ഭാഷക്കും ദേശത്തിനും മതത്തിനും വര്‍ഗ്ഗത്തിനും നിറത്തിനുമപ്പുറം മറ്റൊരു ലോകമുണ്ട് അവിടെയും മനുഷ്യരാണ് ജീവിക്കുന്നത്. ഭാഷ മനുഷ്യനിലൂടെയാണ് ജീവനാകുന്നത്. ഭാഷക്ക് അപ്പുറം ഉള്ള മനുഷ്യരുടെ ഉള്ളിൽ തൊടുമ്പോൾ നമ്മൾ മനുഷ്യനെയാണ് തൊടുന്നത്, മനുഷ്യത്വത്തെയാണ് തൊട്ട് അറിയുന്നത്, അവിടെയാണ് ഭാഷക്കും മതത്തിനും ദേശത്തിനും വംശത്തിനും നിറത്തിനും ലിംഗത്തിനും അപ്പുറമുള്ള മനുഷ്യനെ തിരിച്ചറിയാന്‍ നമ്മെ പഠിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതും".

കോഴിക്കോട് ഒളിവണ്ണ സ്വദേശി പ്രശാന്ത്, പാകിസ്ഥാനിയായ അസര്‍ ഭായിക്ക് ഒരു തൊഴിലാളി മാത്രമായിരുന്നില്ല,സ്വന്തം...

Posted by Ashraf Thamarasery on Monday, April 19, 2021

Related Tags :
Similar Posts