സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ മാറ്റിവെച്ചതിൽ ഗൾഫിലെ രക്ഷിതാക്കളും വിദ്യാർഥികളും ആശങ്കയിൽ
|ഗൾഫ് രാജ്യങ്ങളിലെ ഭൂരിപക്ഷം ഇന്ത്യൻ സ്കൂളുകളും സി.ബി.എസ്.ഇ സിലബസാണ് പിന്തുടരുന്നത്
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ മാറ്റിവെച്ചതിൽ ഗൾഫിലെ രക്ഷിതാക്കളും വിദ്യാർഥികളും ആശങ്കയിൽ.വിദേശ സർവകലാശാലകളിലെ അധ്യയന വർഷം തുടങ്ങുന്നതിന് മുൻപ് പരീക്ഷ നടക്കുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. അധ്യയന വർഷം തുടങ്ങുന്നതിന് മുൻപ് പരീക്ഷ നടത്തി ഫലം ലഭ്യമായില്ലെങ്കിൽ കുട്ടികളുടെ പ്രവേശനവും അവതാളത്തിലാകും.
മുൻ പരീക്ഷകളെ അടിസ്ഥാനമാക്കി മൂല്യ നിർണയം നടത്തി ഫലം പ്രഖ്യാപിക്കണം എന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനാൽ ഫലപ്രഖ്യാപനം ഈ നിലയിലായിക്കും ഉണ്ടാവുക എന്നാണ് പ്രതീക്ഷ. എന്നാൽ, 12ാം ക്ലാസ് പരീക്ഷ റദ്ദാക്കാതെ മാറ്റിവെച്ചിരിക്കുന്നതാണ് വിദ്യാർഥികളെ പ്രയാസപ്പെടുത്തുന്നത്. ഗൾഫ് രാജ്യങ്ങളിലെ ഭൂരിപക്ഷം ഇന്ത്യൻ സ്കൂളുകളും സി.ബി.എസ്.ഇ സിലബസാണ് പിന്തുടരുന്നത്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇവിടെ സി.ബി.എസ്.ഇ പരീക്ഷക്ക് തയാറെടുത്തത്.
വിസ കാലാവധി തീരാറായ വിദ്യാർഥികളുടെ രക്ഷിതാക്കളും പ്രതിസന്ധിയിലാണ്. പരീക്ഷ കഴിഞ്ഞ് കുട്ടികളെ നാട്ടിലേക്കയക്കാം എന്ന പ്രതീക്ഷയും തകർന്നു. ഒന്നോ രണ്ടോ മാസം താളം തെറ്റുന്നതോടെ വാടക കരാർ പുതുക്കുന്നതടക്കം പ്രതിസന്ധിയിലാകും.