ചന്ദ്രനെ ലക്ഷ്യമിട്ട് യു.എ.ഇ; 'റാശിദ്' വിക്ഷേപണം അടുത്ത വര്‍ഷം
|ചന്ദ്രനിൽ ആരുമെത്താത്തയിടങ്ങളിൽ കറങ്ങി രഹസ്യങ്ങൾ കണ്ടെത്തുകയാണ് റോവറിന്‍റെ ലക്ഷ്യം.
ചാന്ദ്രപര്യവേഷണ പേടകമായ 'റാശിദ്' അടുത്ത വർഷം വിക്ഷേപിക്കാനൊരുങ്ങി യു.എ.ഇ. വിക്ഷേപണ കേന്ദ്രമോ കൃത്യമായ തീയതിയോ വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബർ- മാർച്ച് കാലയളവിൽ പരീക്ഷണവും നിർമാണവും പൂർത്തിയാക്കും. പ്രോട്ടോടൈപ്പിന്‍റെ നിർമാണം 50 ശതമാനം പൂർത്തിയായിട്ടുണ്ടെന്നും എമിറേറ്റ്സ് ലൂണാർ മിഷൻ പ്രോജക്ട് മാനേജർ ഡോ. ഹമദ് അൽ മർസൂഖി അറിയിച്ചു.
റാശിദ് റോവറിന്‍റെ വിക്ഷപണം 2024ൽ നടത്താമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. മറ്റ് ചാന്ദ്രപേടകങ്ങളെ അപേക്ഷിച്ച് ഉയരത്തിലും ഭാരത്തിലും കുഞ്ഞനാണ് റാശിദ്. 10 കിലോ ഭാരവും 80 സെന്‍റീമീറ്റർ ഉയരവുമാണ് റാശിദിനുള്ളത്. നീളവും വീതിയും 50 സെന്‍റീമീറ്റർ വീതമാണ്.
ചന്ദ്രനിൽ ഇതുവരെ ആരുമെത്താത്ത സ്ഥലങ്ങളിൽ കറങ്ങി രഹസ്യങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. യു.എസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നിവയ്ക്കു പിന്നാലെയാണ് യു.എ.ഇ ചന്ദ്രനിൽ റോവർ ഇറക്കുന്നത്. ഇന്ത്യയുടെ ചന്ദ്രയാൻ 2 പദ്ധതി വിജയിച്ചെങ്കിലും റോവറിന് ദൗത്യം നിറവേറ്റാനായിരുന്നില്ല. അറബ് ലോകത്ത് നിന്ന് ആദ്യമായി ചൊവ്വദൗത്യം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ചന്ദ്രനെ ലക്ഷ്യമിട്ട് യു.എ.ഇ കുതിക്കുന്നത്.