16 വര്‍ഷം നീണ്ട ഇസ്രയേല്‍ ഉപരോധം; ഗസ്സയില്‍ ദാരിദ്ര്യം പടര്‍ന്നുകയറുന്നു
|ഗസ്സയില്‍ നീണ്ട 16 വര്‍ഷമായി ഇസ്രയേല്‍ നടത്തുന്ന കടുത്ത ഉപരോധം കാരണമായി ദാരിദ്ര്യം എക്കാലത്തേയും റെക്കോഡ് നിരക്കില്‍ പടര്‍ന്നുകയറുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ നടന്ന, യൂറോ മെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ്സ് മോണിറ്റര്‍ ഓര്‍ഗനൈസേഷന്റെ യോഗത്തിലാണ് വെളിപ്പെടുത്തല്‍.
2006 മുതല്‍ ഫലസ്തീനിനുമേല്‍ ഇസ്രായേല്‍ നടത്തുന്ന ഉപരോധവും ഗസ്സ മുനമ്പില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കാരണം ഗസ്സ മുനമ്പിലെ ജനസംഖ്യയില്‍ ഏകദേശം 1.5 ദശലക്ഷം ആളുകളും ദരിദ്രരായിത്തീര്‍ന്നു. പ്രദേശത്തെ ആകെ ജനസംഖ്യുടെ പകുതിയോളമാണിത്. യൂറോ മെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ്സ് മോണിറ്ററിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ദീര്‍ഘകാല ഉപരോധത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഗസ്സയിലെ വിവിധ തലങ്ങളില്‍ സാരമായി ബാധിച്ചതായി ചൂണ്ടിക്കാണിക്കുന്നത്. 2005 ല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് തൊഴിലില്ലായ്മ നിരക്ക് 23.6% ആയിരുന്നെങ്കില്‍, 2021 അവസാനത്തോടെ അത് 50.2% ആയാണ് വര്‍ധിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുകളില്‍ ഒന്നാണിത്.
2005ല്‍ 40% ആയിരുന്ന ദാരിദ്ര്യനിരക്ക് 2021 ല്‍ 69% ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. കാലങ്ങളായി തുടരുന്ന ഇസ്രയേലി അധിനിവേശവും നിരോധനങ്ങളും കാരണമാണ് ദാരിദ്ര്യനിരക്ക് ഇത്തരത്തില്‍ കുത്തനെ ഉയര്‍ന്നത്.